
വാഷിംഗ്ടൺ: ആഗോള വിപണിയെ പിടിച്ചുകുലുക്കിയ അമേരിക്കയുടെ താരിഫുകളിൽ പിന്നോട്ടില്ലെന്ന് ഉറപ്പിച്ച് ട്രംപ്.
ശതകോടീശ്വരനും പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്ക് ഇടപ്പെട്ടിട്ട് പോലും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ട്രംപ് ഉറപ്പിക്കുകയാണ്. ഇതോടെ മിക്ക രാജ്യങ്ങൾക്കും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷ മങ്ങി തുടങ്ങി. ചൈനീസ് ഇറക്കുമതികള്‍ക്ക് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ പിന്‍വലിക്കാന്‍ പ്രസിഡന്‍റിനോട് മസ്ക് വ്യക്തിപരമായ അഭ്യര്‍ത്ഥന നടത്തിയെന്നാണ് വിവരങ്ങൾ. എന്നാല്‍, കൂട്ടാളിയുടെ ആവശ്യം ട്രംപ് നിരസിച്ചുവെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കൂറ്റൻ തീരുവ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നാണ് ചൈനയുടെ നിലപാട്. യുഎസിനെതിരെയുള്ള പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് ചൈന 34 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതോടെയാണ് അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമാകുന്നതോടെ എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും മേലുള്ള യുഎസ് തീരുവ ഇപ്പോള്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 84 ശതമാനത്തിലെത്തുന്നു. ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാകുന്ന 10 ശതമാനം ആഗോള തീരുവയെക്കൂടാതെയാണിത്. യുഎസിനെതിരെ ചൈന ഏര്‍പ്പെടുത്തിയ അധിക തീരുവ പിന്‍വലിക്കാന്‍ ട്രംപ് ചൈനയുടെ ഷി ജിന്‍പിങ്ങിന് 24 മണിക്കൂര്‍ അവസരം നല്‍കിയിരുന്നു. ഇത് പരാജയപ്പെട്ടാല്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മൊത്തത്തില്‍ പുതുക്കിയ കണക്കുപ്രകാരം 94 ശതമാനം തീരുവ നല്‍കേണ്ടി വരും. ഇതോടെയാണ് മസ്ക് വിഷയത്തിൽ ഇടപെട്ടതെന്നാണ് റിപ്പോർട്ടുകൾ.