
തിരുവനന്തപുരത്തെ പെരുമഴയിലും സമരാവേശം കെടാതെ ആശാപ്രവർത്തകർ. പെരുമഴ നനഞ്ഞ് പനി പിടിച്ച് മരിച്ചാലും വേതന വർധനവ് അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് സമരക്കാർ. നേരത്തെ ആശാവര്‍ക്കര്‍മാര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചിരുന്നു. സുരക്ഷാ കാരണം പറഞ്ഞായിരുന്നു പൊലീസിന്റെ നടപടി. അതിനിടെ സമരപ്പന്തലിലേക്ക് എത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സമരക്കാർക്ക് റെയിൻകോട്ടുകളും കുടകളും വാങ്ങി നൽകി.
സുരേഷ് ഗോപിയോട് തങ്ങളുടെ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു. തങ്ങളുടെ മുന്നിലെത്തിയ കേന്ദ്രസഹ മന്ത്രിയോട് രൂക്ഷമായ ഭാഷയിലാണ് ആശാപ്രവർത്തകർ സംസാരിച്ചത്. സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് ടാർപോളിനുകൾ പൊലീസ് നീക്കം ചെയ്തത്. പന്ത്രണ്ടോളം സ്ത്രീകൾ പുലരുവോളം മഴയത്തിരുന്നതായും അവർ പറഞ്ഞു. ഈ വിവരം അറിഞ്ഞാണ് സുരേഷ്ഗോപിയും സമരപ്പന്തലിൽ എത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലെത്തിയ കേന്ദ്ര സഹമന്ത്രി ക്ഷമയോടെ അവരെ കേട്ടിരുന്നു. സമരക്കാരുടെ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകി.