
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് ഏറ്റുമുട്ടി കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ആംആദ്മിയുടെ മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവെച്ചു. ഇന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയെ കണ്ട് രാജി സമര്‍പ്പിച്ചു. ഇതോടെ ദേശീയ തലസ്ഥാനത്തെ ഏഴാം നിയമസഭയും സക്സേന പിരിച്ചുവിട്ടു.
ഇന്നലെ പുറത്തുവന്ന തിരഞ്ഞെടുപ്പ് ഫലത്തില്‍ 70 അംഗ നിയമസഭയില്‍ ബിജെപി 48 സീറ്റുകള്‍ നേടി കാല്‍ നൂറ്റാണ്ടിനു ശേഷം ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. 2020-ല്‍ 8 സീറ്റാണ് നേടിയതെങ്കില്‍ ഇക്കുറി 40 സീറ്റുകള്‍ കൂടുതല്‍ നേടിയാണ് ബിജെപിയുടെ മടങ്ങിവരവ്. 2020 ല്‍ 62 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയാകട്ടെ 22 ലേക്ക് ചുരുങ്ങി.
തിരഞ്ഞെടുപ്പില്‍ എഎപിയുടെ ദേശീയ കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ് എന്നിവരുള്‍പ്പെടെയുള്ള ഉന്നതര്‍ പരാജയപ്പെട്ടു. എന്നാല്‍ ആംആദ്മിക്ക് ആശ്വാസമായി അതിഷി തന്റെ കല്‍ക്കാജി സീറ്റ് നിലനിര്‍ത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ പര്യടനം നാളെ ആരംഭിക്കും. മോദി മടങ്ങിയെത്തിയ ശേഷം ഡല്‍ഹി മുഖ്യമന്ത്രിയുടെ സ്ഥാനാരോഹണം നടക്കും. എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബിജെപിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തും വിധം ഗംഭീകര പരിപാടിയാകും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഡല്‍ഹിയെ കാത്തിരിക്കുന്നത്.