
ഭോപ്പാല്‍ : മധ്യപ്രദേശില്‍ മലയാളി വൈദികരെയെും വിശ്വാസികളെയും മര്‍ദിച്ച സംഭവത്തില്‍ പ്രതികളുടെ പേരില്ലാതെ പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പ്രതികളെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പരാമര്‍ശിച്ചിട്ടുണ്ട്. വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസിന്റെ നിലപാട്. എഫ്‌ഐആറില്‍ പേരില്ലാത്ത സാഹചര്യത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിയേക്കും.
മാര്‍ച്ച് 31 ന് പൊലീസ് നോക്കി നില്‍ക്കെയാണ് മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിക്രമം നടന്നത്. ജബല്‍പുരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞു സഹായത്തിനെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ആദ്യം പൊലീസ് നടപടിയെടുത്തിരുന്നില്ല. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഈ മാസം 2ന് ആണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.
ജബല്‍പുര്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവിസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെയാണു ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത്.