
മുംബൈ : മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് നാഗ്പൂരില്‍ സംഘര്‍ഷാവസ്ഥ. പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. 17 പേരെ പിടികൂടി.
വിഎച്ച്പി, ബജ്‌റങ് ദള്‍ പ്രവര്‍ത്തകരുടെ കല്ലേറില്‍ 15 പൊലീസുകാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 25 ബൈക്കുകളും മൂന്നു കാറുകളും അഗ്‌നിക്കിരയാക്കി.
അതേസമയം, ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി, ബജ്‌റങ് ദള്‍ സംഘടനകള്‍ രംഗത്തു വന്നതിനു പിന്നാലെ സ്മാരകത്തിലേക്കുള്ള വഴികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കി. 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. സിആര്‍പിഎഫ്, പൊലീസ്, മറ്റു സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വന്‍ സംഘം സ്ഥലത്തുണ്ട്.
നാഗ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സമാധാനത്തിനായി അഭ്യര്‍ത്ഥിച്ചു. ‘നാഗ്പൂര്‍ സമാധാനപരമായ ഒരു നഗരമാണ്, അവിടെ ആളുകള്‍ പരസ്പരം സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുന്നു, അത് എല്ലായ്‌പ്പോഴും നാഗ്പൂരിന്റെ പാരമ്പര്യമാണ്. ഒരു കിംവദന്തിയും വിശ്വസിക്കരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.