വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2000 പൗണ്ട് ഇസ്രായേലിന് വിട്ടുനൽകാൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേൽ-ഹമാസ് വെടി നിർത്തലിന് ശേഷമാണ് ട്രംപ് തീരുമാനമെടുത്തത്. ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ ട്രംപ് യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ ശനിയാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണം തടഞ്ഞത്. ഇസ്രായേൽ ഓർഡർ ചെയ്തതും പണം നൽകിയതും എന്നാൽ ബൈഡൻ അയച്ചിട്ടില്ലാത്തതുമായ ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ചെയ്യേണ്ടതായിട്ടുണ്ടെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. ഒരാഴ്ച മുമ്പാണ് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത്. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീൻ തടവുകാർക്ക് പകരമായി ഹമാസ് ഗാസയിൽ ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ തുടങ്ങിയിരുന്നു.
ജനുവരി 20 ന് തൻ്റെ സ്ഥാനാരോഹണത്തിന് മുമ്പ്, ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 2023 ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ ഹമാസ് 250 ഓളം പേരെ ബന്ദികളാക്കി. ഹമാസ് ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടു. തുടർന്ന്, ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക ആക്രമണത്തിൽ 47,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
avail 2000 pound bomb to israel, Trump ordered