
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ഇന്നലെയുണ്ടായ ഹിമപാതത്തില്‍ കുടുങ്ങിക്കിടന്ന 47 തൊഴിലാളികളെ രക്ഷിച്ചെന്ന് ഉത്തരാഖണ്ഡ് ദുരന്തനിവാരണ സെക്രട്ടറി വിനോദ് കുമാര്‍ സുമന്‍ പറഞ്ഞു. 9 തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 55 തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റോഡ് നിര്‍മാണ തൊഴിലാളികളാണ്.
”റോഡ് മാര്‍ഗവും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ജോഷിമഠില്‍ താല്‍ക്കാലിക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍, അവര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ നല്‍കി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ട്” – മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു.
ചമോലി ജില്ലയിലെ മനായില്‍, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) ക്യാംപിനു സമീപം, ബദ്രിനാഥ് ധാമിനു 3 കിലോമീറ്റര്‍ അകലെയായാണു ഹിമപാതം ഉണ്ടായത്.