കാത്തുകാത്തിരുന്ന വിഷു ഇങ്ങെത്തി, അമേരിക്കയിലായാലും കേരളത്തിലായാലും വിഷുക്കണി എങ്ങനെയൊരുക്കും, അറിയേണ്ട കാര്യങ്ങൾ

ഓരോ വിഷുവും മലയാളിയെ സംബന്ധിച്ചടുത്തോളം അതീവ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ കാർഷികോത്സവമായ വിഷുവിന് കണിയൊരുക്കുക എന്നത് മലയാളിയെ സംബന്ധിച്ച് ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും സമാധാനത്തിന്റെയും കാത്തിരിപ്പാണ്. രാവും പകലും തുല്യമായ ദിവസം എന്നതാണ് വിഷുവിന്‍റെ പ്രത്യേകത. ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷം എന്നാണ് വിഷുവിന്‍റെ വിശേഷണം. ഇക്കൊല്ലത്തെ വിഷു ഇങ്ങെത്തിക്കഴിഞ്ഞു. ഏപ്രിൽ 14 ന് വിഷുക്കണിയൊരുക്കാൻ നേരത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

സത്വ, രജോ, തമോ ഗുണമുള്ള വസ്തുക്കളിൽ ഏതാണ് വിഷുക്കണിക്ക് ഉപയോഗിക്കേണ്ടത് എന്നതാണ് ഏറ്റവും പ്രധാനം. കണിയൊരുക്കാന്‍ സത്വഗുണമുള്ള വസ്തുക്കളാണ് ഉപയോഗിക്കേണ്ടത്. തേച്ച് വൃത്തിയാക്കിയ നിലവിളക്ക് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ഓട്ടുരുളിയിലാണ് കണിയൊരുക്കേണ്ടത്. ഉരുളിയും തേച്ചുവൃത്തിയാക്കി വേണം ഉപയോഗിക്കാൻ. ഉണക്കലരിയും നെല്ലും ചേര്‍ത്ത് പകുതിയോളം നിറയ്ക്കുക. ഇതില്‍ നാളികേരത്തിന്‍റെ മുറി വയ്ക്കണം. നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടുകത്തിക്കുന്ന പതിവ് ചിലയിടങ്ങളിലുണ്ട്. സ്വര്‍ണ്ണവര്‍ണത്തിലുള്ള കണിവെള്ളരി ഇതിനൊപ്പം വയ്ക്കണമെന്നതാണ് മറ്റൊരു കാര്യം.

ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് ഇതിന് മുകളിലായി വയ്‌ക്കേണ്ടത്. ചക്ക, ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നാണ് വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. അതുകൊണ്ടാണ് ഇവ കണിയൊരുക്കാൻ ഉപയോഗിക്കുന്നത്. ഇതെല്ലാം അടുക്കിവച്ചുകഴിഞ്ഞ ശേഷമാകണം വാല്‍ക്കണ്ണാടി വയ്ക്കേണ്ടത്. ഭഗവതിയുടെ സ്ഥാനമാണ് വാല്‍ക്കണ്ണാടിയ്ക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാന്‍ കൂടിയാണിത്. ദൈവത്തിനൊപ്പം സ്വത്വവുമറിയുക എന്നതാണ് ഇതിലെ സങ്കല്‍പ്പം. കൃഷ്ണവിഗ്രഹം ഇതിനടുത്തുവയ്ക്കാം. എന്നാല്‍, ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തില്‍ പതിയ്ക്കരുതെന്നുണ്ട്.

തൊട്ടടുത്ത താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്ക്കണം. കുങ്കുമച്ചെപ്പും കണ്‍മഷിക്കൂട്ടും ഇതിനൊപ്പം വയ്ക്കുന്നവരുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്ക്കും പാക്കിനുമൊപ്പം വേണം വയ്ക്കാന്‍. ലക്ഷ്മിയുടെ പ്രതീകമാണ് സ്വര്‍ണവും നാണയങ്ങളും. ഗ്രന്ഥം സരസ്വതിയെ കുറിക്കുന്നു. പച്ചക്കറി വിത്തുകള്‍ വയ്ക്കുന്നതും നല്ലതാണ്. കണികണ്ടശേഷം ഈ വിത്തുകള്‍ വിതയ്ക്കുന്ന പതിവ് ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ഓട്ടുകിണ്ടിയടില്‍ വെള്ളംനിറച്ചുവയ്ക്കണം. ജിവന്റേയും പ്രപഞ്ചത്തിന്റേയും ആധാരമായ ജലം കണ്ണില്‍ത്തൊട്ടശേഷമാവണം കണികാണേണ്ടത്.

More Stories from this section

family-dental
witywide