ബി ഉണ്ണികൃഷ്ണന്‍ രാജിവെക്കണം, 3 മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ നിരാഹാര സമരം തുടങ്ങി ; പിന്തുണച്ച് റിമ കല്ലിങ്കല്‍

കൊച്ചി : മലയാള സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി എത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കോളിളക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ മേക്കപ്പ്, ഹെയര്‍സ്‌റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയതിനും പീഡനങ്ങളെ ചെറുക്കുന്നതിനും തങ്ങള്‍ സംഘടനയില്‍നിന്നു നടപടികള്‍ നേരിടുകയാണെന്ന് അവര്‍ പറയുന്നു. ബി. ഉണ്ണികൃഷ്ണന്‍ രാജി വയ്ക്കുന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച് മൂന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ബുധനാഴ്ച നിരാഹാര സമരമാരംഭിച്ചു. സംഘടനയില്‍ നിന്നും പുറത്താക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയും ഉള്‍പ്പെടെ തങ്ങള്‍ നേരിടുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ രോഹിണി, എയ്ഞ്ചല്‍, എലിസബത്ത് എന്നിവരാണ് സമരരംഗത്തുള്ളത്. ഫെഫ്കയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓള്‍ കേരള സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് ഹെയര്‍സ്‌റ്റൈലിസ്റ്റ് യൂണിയന്റെ ഓഫിസിനു മുന്നിലാണ് ഇവരുടെ പ്രതിഷേധം. നടി റിമ കല്ലിങ്കലിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.

2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍ എന്ന് റിമ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. ”മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍, ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റെ ഭാഗമായവര്‍, ജോലി ചെയ്യാനും വിയോജിപ്പ് പ്രകടിപ്പിക്കാനും മേക്കപ്പ് മേധാവികളില്‍ നിന്നു സ്വതന്ത്രരാകാനും മേക്കപ്പ് മേധാവികളായി ജോലി ചെയ്യാനും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തിനും അതിക്രമങ്ങളും അവഹേളനങ്ങളും നേരിടാതെ ജോലി ചെയ്യുന്നതിനുമായി സംസാരിച്ചതിന്റെ പേരില്‍ സസ്പന്‍ഡ് ചെയ്യപ്പെട്ടിരിക്കുന്നു. തങ്ങളുടെ ശബ്ദമുയര്‍ത്തിയതിന് മാറ്റി നിര്‍ത്തിയിരിക്കുന്നു. 2025ലെ കമ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികളാണിവര്‍.” റിമ പറയുന്നു.

നിര്‍മാതാവ് സാന്ദ്ര തോമസും കഴിഞ്ഞദിവസം ബി ഉണ്ണികൃഷ്ണനെതിരെ പരാതി നല്‍കിയിരുന്നു. സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്രയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കുന്നപോലെ വിധം ബി. ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നും പരാതിയിലുണ്ട്. സംഘടനയുടെ യോഗത്തില്‍ തന്നെ അപമാനിച്ചു സാന്ദ്ര വ്യക്തമാക്കി. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയെങ്കിലും ഈ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

More Stories from this section

family-dental
witywide