
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മാവന്‍ ഹരികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താനാണെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് പ്രതിയുടെ മൊഴി ശരിവെക്കുന്നതാണ്. ഇതോടെയാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നാളെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കും.
സഹോദരിയോടുള്ള വൈരാഗ്യം കാരണമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ഹരികുമാറിന്റെ മൊഴി. കുഞ്ഞിന്റെ അമ്മ ശുചിമുറിയിൽ പോയ സമയത്ത് ദേവേന്ദുവിനെ അച്ഛന്റെ അടുത്ത് കിടത്തിയിരുന്നു. ഈ സമയത്ത് ഹരികുമാർ മുറിയിലെത്തി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലിടുകയായിരുന്നുവെന്നാണ് വ്യക്തമായത്.
ദേവേന്ദുവിന്റെ മാതാവ് ശ്രീതുവിന്റെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുണ്ടെന്ന കൊലയാളിയുടെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ തള്ളി കളഞ്ഞിട്ടുമില്ലെന്നാണ് സൂചന. ശ്രീതുവിൻ്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും. എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേസമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.