
ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ധാക്കയിലെ കോടതി ഉത്തരവിട്ടു. ധന്‍മോണ്ടിയിലെ വസതിയായ ‘സുദാസധന്‍’, ഹസീനയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള മറ്റ് ചില സ്വത്തുക്കള്‍ എന്നിവയുള്‍പ്പെടെ കണ്ടുകെട്ടും. ഷെയ്ഖ് ഹസീനയുടെ ഭര്‍ത്താവ്, അന്തരിച്ച ആണവ ശാസ്ത്രജ്ഞന്‍ എംഎ വാസദ് മിയയ്ക്ക് സുധാ മിയ എന്നും വിളിപ്പേരുണ്ടായിരുന്നു. ‘സുധാസദന്‍’ എന്ന വീടിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്.
കൂടാതെ, ഹസീനയുടെ കുടുംബത്തിന്റെ 124 ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. അഴിമതി വിരുദ്ധ കമ്മീഷന്റെ (എസിസി) അപേക്ഷയെത്തുടര്‍ന്നാണ് ധാക്ക മെട്രോപൊളിറ്റന്‍ സീനിയര്‍ സ്പെഷ്യല്‍ ജഡ്ജി സാക്കിര്‍ ഹൊസൈന്‍ ഗാലിബ് ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഹസീനയെ കൂടാതെ, മകന്‍ സാജിബ് വാസദ് ജോയ്, മകള്‍ സൈമ വാസദ് പുതുല്‍, സഹോദരി ഷെയ്ഖ് റെഹാന, പെണ്‍മക്കളായ തുലിപ് സിദ്ദിഖ്, റദ്വാന്‍ മുജിബ് സിദ്ദിഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മറ്റ് ചില സ്വത്തുക്കളും കണ്ടുകെട്ടുന്നവയിലുണ്ട്.
ബംഗ്ലാദേശില്‍ പ്രതിഷേധം കനത്തപ്പോള്‍ രാജ്യംവിട്ട 77 കാരിയായ ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്. ഹസീനയെ വിട്ടുനല്‍കണമെന്ന് നിരന്തരം ബംഗ്ലാദേശ് ആവശ്യപ്പെടുന്നുണ്ട്. നോബല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരാണ് ഇപ്പോള്‍ ബംഗ്ലാദേശിനെ നയിക്കുന്നത്.