
ലണ്ടന്‍ : ലണ്ടന്‍ സ്റ്റേഷനിലെ ഒരു സൈന്‍ ബോര്‍ഡാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് പോലും ശ്രദ്ധിച്ചെങ്കില്‍ അതിന് അത്ര പ്രാധാന്യവും ഉണ്ടെന്ന് സാരം. ബംഗാളിഭാഷയിലുള്ള സൈന്‍ബോര്‍ഡാണ് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്.
ലണ്ടനിലെ വൈറ്റ്ചാപ്പല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇംഗ്ലീഷിലും ബംഗാളിയിലും എഴുതിയ ഒരു സൈന്‍ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ‘ഇംഗ്ലീഷില്‍ മാത്രമേ ആകാവൂ’ എന്ന് ഒരു യുകെ എംപി ആവശ്യപ്പെട്ടു. ഇതാണ് നെറ്റിസണ്‍സ് ഏറ്റുപിടിച്ചത്.
This is London – the station name should be in English, and English only. pic.twitter.com/FJLXRIgR8A
— Rupert Lowe MP (@RupertLowe10) February 9, 2025
ഗ്രേറ്റ് യാര്‍മൗത്ത് എംപിയായ റൂപര്‍ട്ട് ലോവ് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍, വൈറ്റ്ചാപ്പല്‍ സ്റ്റേഷനിലെ ഇരട്ട ഭാഷാ സൈന്‍ബോര്‍ഡിന്റെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധം അറിയിക്കുകയായിരുന്നു. ‘ഇത് ലണ്ടനാണ് – സ്റ്റേഷന്റെ പേര് ഇംഗ്ലീഷില്‍ മാത്രമായിരിക്കണം,’ അദ്ദേഹം പറഞ്ഞു. 2024 മുതല്‍ ഗ്രേറ്റ് യാര്‍മൗത്തിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം. പോസ്റ്റ് വൈറലായി. എക്സിന്റെ ഉടമയായ ടെക് കോടീശ്വരന്‍ എലോണ്‍ മസ്‌കും അത് ശരിവെച്ചു. ‘അതെ’ എന്നായിരുന്നു മസ്‌ക് മറുപടി പറഞ്ഞത്.
യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ മസ്‌ക് റിഫോം യുകെ നേതാവായ 67 കാരനായ ലോവിനെ മുമ്പും പിന്തുണച്ചിട്ടുണ്ട്. അതേസമയം, ചില ഉപയോക്താക്കള്‍ മസ്‌കിനെ പോലെ യുകെ എംപിയെ പിന്തുണച്ചപ്പോള്‍, മറ്റുചിലരാകട്ടെ അതിലെന്താണ് തെറ്റെന്ന് ചോദിച്ചു.
ബംഗ്ലാദേശി സമൂഹത്തിന്റെ സംഭാവനയ്ക്കുള്ള നന്ദിസൂചകമായിട്ടാണ് 2022 ല്‍ വൈറ്റ്ചാപ്പല്‍ ട്യൂബ് സ്റ്റേഷനില്‍ സൈന്‍ബോര്‍ഡില്‍ ബംഗാളി ഭാഷയും ചേര്‍ത്തത്. ബംഗ്ലാ എന്നും അറിയപ്പെടുന്ന ബംഗാളി ഭാഷ ബംഗ്ലാദേശിലും ഇന്ത്യയുടെ ചില ഭാഗങ്ങളിലും സംസാരിക്കുന്നു. ഇന്ത്യയില്‍ പ്രധാനമായും പശ്ചിമ ബംഗാള്‍ സംസ്ഥാനത്താണ് ഈ ഭാഷ ഉപയോഗിക്കുന്നത്. 250 ദശലക്ഷത്തിലധികം ആളുകള്‍ സംസാരിക്കുന്ന ഇത്, ലോകത്തിലെ മികച്ച 10 ഭാഷകളില്‍ ഒന്നാണ്.