![](https://www.nrireporter.com/wp-content/uploads/2025/02/IMG_20250207_155902_804_x_400_pixel.jpg)
അലാസ്‌കയില്‍ നിന്ന് യാത്രക്കാരുമായി പറന്നുയര്‍ന്ന യുഎസ് വിമാനം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. ടേക്ക് ഓഫ് ചെയ്ത് ഏകദേശം 39 മിനിട്ട് പിന്നിട്ട ശേഷം വിമാനം പെട്ടെന്ന് റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നുവെന്നാണ് വിവരം. സെസ്‌ന 208 ബി ഗ്രാന്‍ഡ് കാരവന്‍ വിമാനമാണ് കാണാതായത്. വിമാനം കണ്ടെത്താനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. നോമിലെയും വൈറ്റ് മൗണ്ടനിലെയും പ്രദേശവാസികളുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.
വിമാനത്തില്‍ പൈലറ്റ് ഉള്‍പ്പെടെ 10 പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. വിമാനം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37 ന് ഉനലക്ലീറ്റില്‍ നിന്ന് പുറപ്പെട്ട് നോര്‍ട്ടണ്‍ സൗണ്ട് ഏരിയയ്ക്ക് മുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. 3.16 ന് അവസാനമായി വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
മോശം കാലാവസ്ഥയും ദൃശ്യപരതയില്ലാത്തതും വ്യോമ മാര്‍ഗമുള്ള തെരച്ചിലിന് വെല്ലുവിളി ആകുന്നതിനാല്‍ കര മാര്‍ഗമുള്ള തെരച്ചിലാണ് നടത്തുന്നത്. കോസ്റ്റ് ഗാര്‍ഡും അഗ്‌നിരക്ഷാ സേനയും തെരച്ചിലില്‍ പങ്കാളിത്തം വഹിക്കുന്നുണ്ടെന്ന് നോമിലെ വളണ്ടിയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.