വാഷിംഗ്ടൺ: യുഎസിലെ മുട്ട ക്ഷാമത്തിനു പിന്നിൽ ജോ ബൈഡനാണെന്നാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ വക്താവ് കരോലിൻ ലീവിറ്റ്. വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ജനുവരി 28 നു നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് ബൈഡനെതിരെ മുട്ട ആരോപണം ഉയർത്തിയത്. ബൈഡൻ ഭരണകൂടവും യുഎസ് കാർഷികവകുപ്പും100 ദശലക്ഷത്തിലധികം കോഴികളെ കൂട്ടമായി കൊല്ലാൻ ഉത്തരവിട്ടതാണ് ഇതിന് പിന്നിലുള്ള കാരണം.
ഇത് രാജ്യത്തെ മുട്ട ക്ഷാമത്തിലേക്ക് വഴിതിരിച്ചു എന്നാണ് ലീവിറ്റ് ഉയർത്തുന്ന ആക്ഷേപം. ബൈഡൻ ഭരണത്തിൽ മുട്ടയുടെ വില 2021 ഫെബ്രുവരിയിൽ ഒരു ഡസനു 1.60 ഡോളറിൽ നിന്ന് 2024 ഡിസംബറിൽ 4.10 ഡോളറായി ഉയർന്നുവെന്നാണ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഡാറ്റ. ജോ ബൈഡൻ തൻ്റെ ഭരണകാലത്ത് വ്യാപകമായ പക്ഷിപ്പനി പടരുന്നത് ഒഴിവാക്കാൻ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി എന്നാണ് റിപ്പോർട്ട്. ഇത് മുട്ടയുടെ ക്ഷാമത്തിനും വില കൂടുന്നതിനും കാരണമായെന്ന് ചുരുക്കം.
എന്നാൽ കൊന്നൊടുക്കിയ പക്ഷികൾക്കു പകരമായി കർഷകർക്ക് ബൈഡൻ സർക്കാർ സഹായധനവും നൽകിയിരുന്നു. മാത്രമല്ല, 2002-ലെ ഒരു ഫെഡറൽ നിയമം, അനിമൽ ഹെൽത്ത് പ്രൊട്ടക്ഷൻ ആക്റ്റ് പ്രകാരം രോഗം പടരുന്നത് തടയാൻ കന്നുകാലികളെയും പക്ഷികളെയും മറ്റും ഇത്തരത്തിൽ കൊല്ലാനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നുണ്ട്.