ഇവിടെ ഒന്നും കിട്ടിയില്ല! ബജറ്റിൽ കേരളത്തിന്‌ കടുത്ത നിരാശ, വയനാടിനേയും വിഴിഞ്ഞത്തെയും അവഗണിച്ചത് ദുഃഖകരമെന്ന് ബാലഗോപാൽ

തിരുവനന്തപുരം: നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2025 ൽ കേരളത്തിന് വലിയ നിരാശ. ബിഹാറടക്കമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് കാര്യമായി ഒന്നും കിട്ടിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇക്കാര്യത്തിൽ പരസ്യമായി തന്നെ നിരാശ പ്രകടിപ്പിച്ച് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി. കേരളത്തിന് ന്യായമായ പരിഗണന പോലും കേന്ദ്ര ബജറ്റിൽ കിട്ടിയില്ലെന്നാണ് ബാലഗോപാല്‍ പ്രതികരിച്ചത്.

സംസ്ഥാന സർക്കാരുകളോട് കേന്ദ്രത്തിന് തുല്യ നീതി ഇല്ല. ദുരന്തമേറ്റുവാങ്ങിയ വയനാടിന് ഒരു പാക്കേജും ബജറ്റിൽ പരാമർശിച്ചില്ല. കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്തെ പറ്റിയും ധനമന്ത്രി ഒന്നു പറഞ്ഞില്ല. വിഴിഞ്ഞത്തിന് വേണ്ടി വകയിരുത്തലുകളൊന്നുമുണ്ടായില്ലെന്നും ബാലഗോപാൽ വിമർശിച്ചു. സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്. പക്ഷെ കിട്ടിയത് 33000 കോടി മാത്രമെന്നും ധനമന്ത്രി ചൂണ്ടികാട്ടി.

സംസ്ഥാനങ്ങൾക്കുള്ള വീതം വയ്പ്പിൽ വലിയ അന്തരം ഉണ്ട്. കേരളത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല. വയനാടിനേയും വിഴിഞ്ഞത്തേയും അവഗണിച്ചത് ദുഖകരമാണ്. ഇതില്‍ കടുത്ത പ്രതിഷേധം ഉണ്ട്. കാർഷിക മേഖലക്ക് വലിയ തിരിച്ചടിയാണ്. ന്യായവില ഉറപ്പിക്കാൻ പോലും സംവിധാനം ഇല്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide