മലപ്പുറം: യു ഡി എഫുമായി സഹകരിപ്പിക്കണമെന്ന മുൻ നിലമ്പൂർ എം എൽ എ പി വി അൻവറിന്‍റെ ആവശ്യത്തിന് പച്ചക്കൊടി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന മലയോര സമരയാത്രയില്‍ സ്വീകരണച്ചടങ്ങിൽ അൻവറിനെ പങ്കെടുപ്പിക്കാമെന്ന് യു ഡി എഫ് തീരുമാനിച്ചു. നിലമ്പൂർ നിയോജക മണ്ഡലത്തിൽ യാത്രയ്ക്ക് സ്വീകരണം നൽകുന്ന എടക്കരയിലാണ് അൻവർ പങ്കെടുക്കുന്നത്. ഇതിന് പിന്നാലെ യു ഡി എഫ് തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ട് അൻവർ രംഗത്തെത്തി.
അൻവറിന്‍റെ വാക്കുകൾ
ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന യു.ഡി.എഫിന്റെ മലയോര സമര യാത്ര നാളെ നിലമ്പൂർ നിയോജക മണ്ഡലത്തിലെ എടക്കരയിൽ എത്തിച്ചേരുകയാണ്. മലയോര മേഖലയിൽ താമസിക്കുന്ന സാധാരണക്കാരും കർഷകരും നേരിടുന്ന വെല്ലുവിളികളെയും അവരുടെ ജീവൽ പ്രശ്നങ്ങളെയും ഒരുകാലത്തും രാഷ്ട്രീയമായി സമീപിച്ചിട്ടില്ല. സംസ്ഥാന മന്ത്രിസഭ 1961ലെ സംസ്ഥാന വന നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ച നിമിഷം മുതൽ ഒരു ജനതയെയും ഭൂപ്രദേശത്തെയും ആകെ ബാധിക്കുന്ന വിഷയം എന്നുള്ള രീതിയിലാണ് ഞാനും തൃണമൂൽ കോൺഗ്രസും ഈ വിഷയത്തെ സമീപിച്ചിട്ടുള്ളത്. ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലും, വനം വന്യജീവി നിയമഭേദഗതിക്ക് എതിരെയും വന്യജീവി ആക്രമണങ്ങൾക്കെതിരെയും ശക്തമായ നിലപാടുകൾ എടുക്കുകയും ജനകീയ പോരാട്ടങ്ങളെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്തിട്ടുണ്ട്.
നാളെ എടക്കരയിൽ യുഡിഎഫിന്റെ മലയോര സമര യാത്രയുടെ സ്വീകരണ വേദിയിലേക്ക് ഔദ്യോഗികമായി എന്നെയും ക്ഷണിച്ചിരിക്കുകയാണ്. ഈ വിഷയം ഏറ്റെടുത്തു നടത്തിയ സമരപോരാട്ടങ്ങൾക്കുള്ള അംഗീകാരം എന്ന നിലയിൽ, ക്ഷണത്തെ അങ്ങേയറ്റം ബഹുമാനാദരങ്ങളോടെ സ്വീകരിക്കുന്നു. മലയോര മേഖലയുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിന് നിസ്സീമമായ പിന്തുണ അർപ്പിക്കുന്നതിനോടൊപ്പം,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ, കെ പി സി സി പ്രസിഡണ്ട് കെ.സുധാകരൻ, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ,പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, പി. ജെ ജോസഫ് ,സി.പി ജോൺ, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, എന്നിവർ അടക്കം യുഡിഎഫിന്റെ എല്ലാ നേതാക്കളെയും പ്രവർത്തകരെയും ഈ അവസരത്തിൽ അഭിവാദ്യം ചെയ്യുകയാണ്. മലയോര സമര യാത്ര ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് താക്കീതായി മാറാനും, ഗവൺമെന്റിനു മുമ്പിൽ സമ്മർദ്ദശക്തിയാവാനും ജാഥക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.