
ന്യൂഡല്‍ഹി: പഹല്‍ഹാമിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാന്റെ പങ്ക് കണ്ടെത്തിയതിനു പിന്നാലെ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതോടെ പ്രകോപനപരമായ പ്രസ്താവനയുമായി മുന്‍ പാക്ക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ. സിന്ധു നദിയിലൂടെ ഒന്നുകില്‍ വെള്ളം ഒഴുകും, അല്ലെങ്കില്‍ ഇന്ത്യക്കാരുടെ ചോര ഒഴുകുമെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ കൊലവിളി. ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനു മേല്‍ പഴിചാരുകയാണെന്നും ബിലാവല്‍ ഭൂട്ടോ ആരോപിച്ചു.
”സിന്ധു നദി നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും. ഒന്നുകില്‍ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും, അല്ലെങ്കില്‍ അവരുടെ രക്തം ഒഴുകും,’ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ഭൂട്ടോയുടെ പ്രസ്താവന. മാത്രമല്ല, പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച ഇന്ത്യയുടെ നടപടികള്‍ പാക്ക് നേതാക്കളെ ഏറെ പ്രകോപിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൂടിയാണിത്.
പാക്കിസ്ഥാനോ രാജ്യാന്തര സമൂഹമോ മോദിയുടെ ‘യുദ്ധക്കൊതി’യോ സിന്ധു നദീജലം വഴിതിരിച്ചുവിടാനുള്ള ശ്രമമോ സഹിക്കില്ലെന്നും ഭൂട്ടോ പറഞ്ഞു. ”ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു നാഗരികതയുടെ അവകാശികളാണെന്ന് അദ്ദേഹം (മോദി) പറയുന്നു, പക്ഷേ ആ നാഗരികത ലാര്‍ക്കാനയിലെ മോഹന്‍ജൊദാരോയിലാണ്. ഞങ്ങള്‍ അതിന്റെ യഥാര്‍ഥ സംരക്ഷകരാണ്, അത് സംരക്ഷിക്കുക തന്നെ ചെയ്യും,”- ഭൂട്ടോ പറയുന്നു.