
ചെന്നൈ : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തമിഴ്‌നാട്ടില്‍ വീണ്ടും ഒന്നായി ബിജെപിയും അണ്ണാഡിഎംകെയും. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടെ നേതൃത്വത്തിലായിരിക്കും മുന്നണി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസാമിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
അതേസമയം, നിലവിലെ അധ്യക്ഷന്‍ കെ.അണ്ണാമലൈയുടെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് തമിഴ്‌നാട് ബിജെപിയുടെ പുതിയ അധ്യക്ഷനായി നിലവിലെ നിയമസഭാ കക്ഷി നേതാവു കൂടിയായ നൈനാര്‍ നാഗേന്ദ്രന്‍ എംഎല്‍എയെ എതിരില്ലാതെ തിരഞ്ഞെടുത്തു. അണ്ണാമലൈയുമായി ഉടക്കിയാണ് അണ്ണാഡിഎംകെ നേരത്തേ എന്‍ഡിഎ വിട്ടത്.
അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ.പളനിസാമി ഈ മാസമാദ്യം ഡല്‍ഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ അണ്ണാമലൈയെയും അമിത് ഷാ ഡല്‍ഹിക്കു വിളിപ്പിച്ചിരുന്നു. തുടര്‍ന്നാണ് സഖ്യ പ്രഖ്യാപനം വന്നിരിക്കുന്നത്.