
ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ പുറത്ത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ഒഴുകിയത് ബിജെപിയിലേക്ക്.
2,544.278 കോടി രൂപയാണ് ദേശീയ പാര്‍ട്ടികള്‍ക്ക് ആകെ ലഭിച്ച സംഭാവന. ഇതില്‍ 2,243.947 കോടി ബി.ജെ.പിക്ക് മാത്രം ലഭിച്ചതാണെന്ന് പോള്‍ വാച്ച്ഡോഗ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട് ചെയ്യുന്നു. ആകെ ലഭിച്ച സംഭാവനയുടെ 88 ശതമാനമാണ് ബിജെപി വാങ്ങിയത്. 281.48 കോടി രൂപ സംഭാവന വാങ്ങിയ കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്.
പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ഇസി) ന് സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഡിആര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബിജെപിക്ക് ലഭിച്ച സംഭാവന കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, സിപിഐ (എം) എന്നിവയ്ക്ക് ആകെ ലഭിച്ചതിന്റ ആറിരട്ടിയിലധികമാണ്.
2022-23ലെ കണക്കു പ്രകാരം 719.858 കോടിയാണ് ബിജെപിക്ക് ലഭിച്ചത്. ഇതാണ് ഇക്കുറി 2,243.947 കോടിയായി വര്‍ദ്ധിച്ചത്. 211.72% വര്‍ദ്ധനവാണിത്. അതുപോലെ, കോണ്‍ഗ്രസിനുള്ള സംഭാവനകള്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 79.924 കോടി രൂപയില്‍ നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 281.48 കോടിയായി ഉയര്‍ന്നു, 252.18% വര്‍ദ്ധനവാണ് കോണിഗ്രസിനുള്ളത്.