പ്രതിഭയ്ക്ക് വീണ്ടും ബിജെപി പിന്തുണ, മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭാ സുരേന്ദ്രന്‍

കായംകുളം: മകന്‍ കഞ്ചാവു കേസില്‍പ്പെട്ടതോടെ വലിയ തരത്തിലുള്ള കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയായ സിപിഎം എംഎല്‍എ യു.പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു.

”അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു.പ്രതിഭ എംഎല്‍എയെപ്പോലൊരു പൊതുപ്രവര്‍ത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകന്‍ തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സാംസ്‌കാരിക മന്ത്രിക്കു സംസ്‌കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.” ശോഭ പറഞ്ഞു.

കായംകുളത്ത് ബിജെപി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ശോഭ സുരേന്ദ്രന്റെ പ്രതികരണം. പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു.

മുമ്പ്, ഇതേ വിഷയത്തില്‍ പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി. ഗോപാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രതിഭയ്ക്ക് എതിരായ സൈബര്‍ ആക്രമണം ജുപ്‌സാവഹമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. അടുത്തിടെ സിപിഎം വിട്ട ബിപിന്‍ സി ബാബുവും പ്രതിഭയെ പിന്തുണയ്ക്കുകയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide