ഹനുമാൻ ചാലിസക്ക് അനുമതി നിഷേധിച്ചത് കണ്ടില്ലേ, ഡൽഹിയിൽ ഓശാന പ്രദക്ഷിണം തടഞ്ഞതിൽ പ്രതികരിച്ച് രാജീവ്; ‘റാണ സുരക്ഷാ നടപടിയുടെ ഭാഗം, രാഷ്ട്രീയമില്ല’

ഡൽഹി: രാജ്യതലസ്ഥാനത്ത് ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദഷിണത്തിന് അനുമതി നിഷേധിച്ചത് തഹാവുർ റാണയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടിയുടെ ഭാഗമെന്നാണ് രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടത്. ഇതിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞ ബി ജെ പി അധ്യക്ഷൻ, കോൺ​ഗ്രസിനെയും സി പി എമ്മിനെയും വിമർശിച്ചു. കോൺഗ്രസിനും സി പി എമ്മിനും വേറെ പണിയില്ലാത്തത് കൊണ്ടാണ് ഇതൊക്കെ വിവാദമാക്കുന്നതെന്നാണ് രാജീവ് പറഞ്ഞത്. കഴിഞ്ഞ ദിവസം ഹനുമാൻ ചാലിസയ്ക്കും അനുമതി നിഷേധിച്ചിരുന്നുവെന്നും അത് ഇക്കൂട്ടർ കണ്ടില്ലേയെന്നും ബി ജെ പി അധ്യക്ഷൻ ചോദിച്ചു.

ഡൽഹി സേക്രഡ് ഹാര്‍ട്ട് ദേവാലയത്തിലെ ഓശാന പ്രദക്ഷിണമാണ് ഇന്ന് പൊലീസ് തടഞ്ഞത്. ക്രമസമാധാന പ്രശ്നവും ഗതാഗത കുരുക്കും ചൂണ്ടിക്കാട്ടിയാണ് ഓശാന ഞായറിലെ പതിവ് പ്രദക്ഷണത്തിന് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊലീസ് തടയിട്ടത്. ഏകപക്ഷീയ നടപടി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ഡൽഹി അതിരൂപത കാത്തലിക് അസോസിയേഷന്‍ അപലപിച്ചു. ഇതിന് പിന്നാലെ കോൺഗ്രസും സി പി എമ്മും വലിയ വിമർശനമാണ് കേന്ദ്രത്തിനും ബി ജെ പിക്കുമെതിരെ ഉയർത്തിയിട്ടുള്ളത്.

More Stories from this section

family-dental
witywide