
തൃശ്ശൂര്‍: മല്ലിക സുകുമാരനെതിരെയും എമ്പുരാന്‍ സിനിമയുടെ സംവിധായകനായ നടന്‍ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയ്‌ക്കെതിരെയും കടുത്തഭാഷയില്‍ സംസാരിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെ അര്‍ബന്‍ നക്‌സ്ല്‍ എന്നാണ് ഗോപാലകൃഷ്ണന്‍ വിളിച്ചത്. എംപുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പോസ്റ്റിട്ട മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
പൃഥ്വിരാജിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിരോധിച്ചുകൊണ്ടാണ് മല്ലിക സുകുമാരന്‍ പോസ്റ്റ് ഇട്ടത്. മല്ലിക സുകുമാരനോട് ബിജെപിക്ക് ഒന്നെ പറയാനുള്ളൂ. വീട്ടില്‍ അര്‍ബന്‍ നക്‌സലൈറ്റായ മരുമകളെ നേരെ നിര്‍ത്തണം. തരത്തില്‍പ്പോയി കളിക്കടാ എന്നാണ് അവര്‍ പോസ്റ്റിട്ടത് എന്നും ബി ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.
അതേ സമയം വിവാദ ഭാഗങ്ങള്‍ വെട്ടിമാറ്റിയ എംപുരാന്‍ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോടെ തിയേറ്ററുകളിലെത്തും. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗമടക്കം മൂന്ന് മിനിറ്റ് വെട്ടിമാറ്റിയാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ വില്ലന്റെ പേരും മാറ്റിയേക്കും. ബജ്‌റംഗിയെന്ന പേരായിരുന്നു വില്ലന് ഇട്ടത്. ഇതുമാറ്റി റീ എഡിറ്റ് ചെയ്ത പതിപ്പ് തിയേറ്ററുകളിലെത്തിക്കണമെന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കിയത്.