
ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിനു ശേഷം ഡല്‍ഹിയില്‍ അധികാരത്തിലേറിയ ബിജെപി, പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രൗഢഗംഭീരമായി നടത്താനൊരുങ്ങുകയാണ്. ഡല്‍ഹി എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു പരിപാടിയാക്കി ചടങ്ങിനെ മാറ്റാനാണ് പാര്‍ട്ടി നീക്കം. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരിക്കും പരിപാടിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എന്‍ഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും. 200-ലധികംവരുന്ന എംപിമാര്‍ക്കും, മുന്‍ എംപിമാര്‍ക്കും, ദേശീയ തലസ്ഥാനത്തിനായുള്ള പ്രചാരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ക്ഷണക്കത്ത് അയയ്ക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
2013 മുതല്‍ ഡല്‍ഹി ഭരിച്ച ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ തൂത്തെറിഞ്ഞാണ് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഡല്‍ഹിയിലെ 70 സീറ്റുകളില്‍ 48 എണ്ണവും ബിജെപി നേടിയത്. 2020 നെ അപേക്ഷിച്ച് 41 സീറ്റുകള്‍ കൂടുതലാണ് ബിജെപിക്ക്. എന്നാല്‍ 62 സീറ്റുകള്‍ നേടിയ ആം ആദ്മി പാര്‍ട്ടിയെ വെറും 22 സീറ്റുകളില്‍ ഒതുക്കാനായത് ബിജെപിയുടെ കരുത്ത് എടുത്തുകാട്ടുന്നു. ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് പാര്‍ട്ടി ഇതുവരെ മുമറുപടി നല്‍കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയാലുടന്‍ അത് പ്രതീക്ഷിക്കാം.