
ന്യൂഡല്‍ഹി : രാജ്യത്തെ 32 ലക്ഷം മുസ്ലീംകള്‍ക്ക് റംസാന്‍ കിറ്റുമായി ബിജെപിയുടെ ‘സൗഗത് ഇ മോദി’ ക്യാംപയിന്‍ ഒരുങ്ങുന്നു. ഈദ് ആഘോഷത്തിന് മുന്നോടിയായാണ് രാജ്യത്തുടനീളമുള്ള മുസ്ലീം കുടുംബങ്ങള്‍ക്ക് റംസാന്‍ കിറ്റ് വിതരണം ചെയ്യുന്നത്. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയാണ് ക്യാംപയിന് പിന്നില്‍.
ദരിദ്രരായ മുസ്ലീം കുടുംബങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിയുമെന്നത് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമെന്ന് ബിജെപി വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി ദരിദ്രരായ ആളുകളെ കണ്ടെത്തുന്നതിനായി ന്യൂനപക്ഷ മോച്ച പള്ളികളുമായി സഹകരിച്ച് വിവരങ്ങള്‍ ശേഖരിക്കും.
ചൊവ്വാഴ്ച ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് ആരംഭിക്കുന്ന പരിപാടിയിലൂടെ, രാജ്യത്തുടനീളമുള്ള 32 ലക്ഷം ദരിദ്ര മുസ്ലീങ്ങള്‍ക്ക് ഈദിന് മുമ്പ് കിറ്റുകള്‍ വിതരണം ചെയ്യാനാണ് ഭരണകക്ഷി ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി, 32,000 ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി 32,000 പള്ളികളുമായി സഹകരിക്കും.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.
അതേസമയം, റമദാന്‍ മാസത്തിലും വരാനിരിക്കുന്ന ഈദ്, ദുഖവെള്ളി, ഈസ്റ്റര്‍, നൗറൂസ് തുടങ്ങിയ അവസരങ്ങളിലും ന്യൂനപക്ഷ മുന്നണി ‘സൗഗത്-ഇ-മോദി’ കാംപെയ്‌നിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനാണ് ബിജെപിയുടെ നീക്കം