മാനന്തവാടി: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി എംപിക്കെതിരെ എൽ ഡി എഫിന്‍റെ കരിങ്കൊടി പ്രതിഷേധം. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വയനാട്ടിലേക്ക് പോകുന്നവഴി കണിയാരത്ത് വച്ചാണ് എൽ ഡി എഫ് പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. മുദ്രാവാക്യങ്ങളുമായി എംപിയുടെ വാഹനത്തിന് നേരെയെത്തിയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. പ്രശ്നങ്ങൾ ഉള്ളപ്പോൾ മാത്രമാണ് എം പി വയനാട്ടിലെത്തുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പഞ്ചാരകൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെയും ഡി സി സി ട്രഷററായിരിക്കെ ആത്മഹത്യ ചെയ്ത എൻ എം വിജയന്‍റെയും വീട് പ്രിയങ്ക സന്ദർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. രാധയുടെ വീട്ടിലാണ് ആദ്യം പ്രിയങ്ക എത്തിയത്. കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു. 20 മിനിട്ടോളം കുടുംബാംഗങ്ങൾക്കൊപ്പം പ്രിയങ്ക ഉണ്ടായിരുന്നു. കുടുംബത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും ഒപ്പം ഉണ്ടാകുമെന്നും പ്രിയങ്ക ഉറപ്പ് നൽകി.
ശേഷമാണ് എൻ എം വിജയന്റെ വീട് സന്ദർശിച്ചത്. വിജയന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന ഐ സി ബാലകൃഷണൻ എം എൽ എയേയും ഡി സി സി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും മാറ്റി നിർത്തിയാണ് പ്രിയങ്ക ഇവിടെ എത്തിയത്. വിജയന്റെ മകൻ വിജേഷ്, ഭാര്യ പത്മജ എന്നിവരെയാണു പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചെലവഴിച്ച പ്രിയങ്ക കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. എല്ലാ പിന്തുണയും നൽകുമെന്നു പ്രിയങ്ക ഉറപ്പു നൽകിയെന്ന് കുടുംബം പ്രതികരിച്ചു. കാര്യങ്ങളിൽ തീരുമാനമുണ്ടാക്കിയശേഷം എത്രയും പെട്ടന്നു വിളിക്കാമെന്ന് അറിയിച്ച ശേഷമാണ് പ്രിയങ്ക മടങ്ങിയതെന്നും കുടുംബം വിവരിച്ചു.