
ന്യൂയോർക്ക്: ഇറക്കുമതി തീരുവ കുത്തനെ കൂട്ടി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുടങ്ങിവച്ച യുദ്ധം ലോക വിപണിയെ കൂപ്പുകുത്തിക്കുകയാണ്. അമേരിക്ക മുതൽ ഏഷ്യവരെ ലോകത്തിന്‍റെ സമസ്ത മേഖലകളിലും ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. അതിനിടെ പുറത്തുവരുന്ന വാർത്ത ട്രംപിന്റെ അനുകൂലികൾക്ക് ഇടയിലും എതിർപ്പ് ശക്തമാകുന്നുവെന്നാണ്. തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനെ പരസ്യമായി പന്തുണച്ച പ്രശസ്തരാണ് ഇപ്പോൾ ട്രംപിനെതിരെ തിരിയുന്നത്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനം ശതകോടീശ്വരനായ ഹെഡ്ജ് ഫണ്ട് മാനേജർ ബിൽ അക്മാനാണ്. ട്രംപിന്റെ താരിഫ് യുദ്ധം ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴ്ത്തുമെന്നാണ് ബിൽ ആക്മാൻ പരസ്യമായി വിമർശിച്ചത്. തെരഞ്ഞെടുപ്പ് കാലത്തടക്കം ട്രംപിനെ പിന്തുണച്ചവരിൽ പ്രമുഖനായിരുന്നു ആക്മാൻ.
കറുത്ത തിങ്കളാഴ്ചകൾ ആവർത്തിക്കണോ എന്ന് ചോദിച്ച ആക്മാൻ വിപണികൾ ആടിയുലയുമ്പോൾ ‘സാമ്പത്തിക ആണവ യുദ്ധ’ത്തെക്കുറിച്ച് മുന്നറിയിപ്പും നൽകി. നമ്മുടെ സുഹൃത്തുക്കൾക്കും ശത്രുക്കൾക്കും ഒരുപോലെ ഭീമവും അനുപാതമില്ലാത്തതുമായ തീരുവകൾ ഏർപ്പെടുത്തുന്നതിലൂടെയും അതുവഴി ലോകം മുഴുവൻ ഒരേസമയം ഒരു ആഗോള സാമ്പത്തിക യുദ്ധം ആരംഭിക്കുന്നതിലൂടെയും, ഒരു വ്യാപാര പങ്കാളി എന്ന നിലയിലും, ബിസിനസ്സ് ചെയ്യാനുള്ള സ്ഥലമെന്ന നിലയിലും, മൂലധനം നിക്ഷേപിക്കാനുള്ള ഒരു വിപണി എന്ന നിലയിലും നമ്മുടെ രാജ്യത്തിലുള്ള ആത്മവിശ്വാസം നശിപ്പിക്കുന്ന പ്രക്രിയയിലാണ് നമ്മളെന്നും അദ്ദേഹം വിമർശിച്ചു.