
വാഷിംഗ്ടണ്‍: ബഹിരാകാശത്തേക്ക് പരീക്ഷണങ്ങളുമായി ഇലോണ്‍ മസ്‌കിന് പിന്നാലെ ആമസോണ്‍ ചെയര്‍മാന്‍ ജെഫ് ബെസോസും. ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനി ബ്ലൂ ഒറിജിന്റെ പുത്തന്‍ റോക്കറ്റ് ന്യൂ ഗ്ലെന്നിന്റെ ആദ്യ വിക്ഷേപണം വിജയമായി.
ഭൂമിയെ ഭ്രമണം ചെയ്ത ആദ്യത്തെ അമേരിക്കക്കാരന്റെ പേരിലുള്ള ന്യൂ ഗ്ലെന്‍ റോക്കറ്റ് ഫ്‌ലോറിഡയില്‍ നിന്നാണ് വിക്ഷേപിച്ചു. അരനൂറ്റാണ്ട് മുമ്പ് നാസയുടെ മാരിനര്‍, പയനിയര്‍ ബഹിരാകാശ പേടകം വിക്ഷേപിക്കാന്‍ ഉപയോഗിച്ച അതേ പാഡില്‍ നിന്നാണ് ന്യൂ ഗ്ലെന്നും കുതിച്ചുയര്‍ന്നത്.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ വന്‍ ധനസഹായത്തോടെ വര്‍ഷങ്ങളെടുത്ത് നിര്‍മ്മിച്ച 320 അടി (98 മീറ്റര്‍)യുള്ള റോക്കറ്റ്, ഉപഗ്രഹങ്ങളെ വഹിക്കുന്നതിനോ അവയെ ശരിയായ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതിനോ രൂപകല്‍പ്പന ചെയ്ത ഒരു പരീക്ഷണാത്മക പ്ലാറ്റ്ഫോം വഹിച്ചായിരുന്നു യാത്ര.
അതേസമയം വിക്ഷേപണം വിജയിച്ചെങ്കിലും പദ്ധതിയിട്ടത് പോലെ റോക്കറ്റിന്റെ ഒന്നാം ഘട്ടത്തെ വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഇത് കൂടി വിജയിച്ചിരുന്നെങ്കില്‍ പുനരുപയോഗിക്കാവുന്ന റോക്കറ്റ് സാങ്കേതിക വിദ്യ സ്വായത്തമാക്കുന്ന രണ്ടാമത്തെ സ്വകാര്യ കമ്പനിയാകുമായിരുന്നു ബ്ലൂ ഒറിജിന്‍.