
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ ജാമ്യാപേക്ഷ തള്ളിയ ‘വിധി’ കേട്ടതോടെ ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ജയിലിൽ കിടക്കേണ്ടിവരുമെന്ന് ഉറപ്പായതിന് പിന്നാലെ ബോചെയുടെ രക്തസമർദ്ദം ഉയരുകയും കോടതി മുറിയിൽ തളർന്നിരിക്കുകയും ചെയ്തു. ഇതോടെ കോടതി മുറിയിൽ തന്നെ വിശ്രമിക്കാൻ അനുവദിച്ചു. ശേഷം ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആശുപത്രിയിലെ പരിശോധനക്ക് ശേഷമാകും ജയിലിലെത്തിക്കുക. കാക്കനാട് ജയിലിലേക്കാകും ബോബി ചെമ്മണ്ണൂരിനെ മാറ്റുക.
അതേസമയം ബോചെയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ കൊച്ചിയിൽ രാത്രി എട്ട് മണിയോടെയാണ് എത്തിച്ചത്. കൊച്ചി സെൻട്രൽ പൊലീസ് പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ലോക്കപ്പിൽ കഴിഞ്ഞ ബോചെയെ ഇന്ന് 12 മണിയോടെയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള അസോസിയേറ്റ്സാണ് കോടതിയിൽ ഹാജരായത്. കുറ്റം ചെയ്തിട്ടില്ലെന്നും മാപ്പ് പറയില്ലെന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്.