
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി മാധ്യമങ്ങളോടു പ്രതികരിച്ചു. താന്‍ തെറ്റുകാരനല്ലെന്നും ദ്വയാര്‍ഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഉച്ചയ്ക്ക് 12.45ഓടേയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ അദ്ദേഹത്തെ എത്തിച്ചത്.
ഇന്നലെയാണ് ബോബി ചെമ്മണൂര്‍ അറസ്റ്റിലായത്. രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കര്‍’ എസ്റ്റേറ്റില്‍നിന്നു പുറത്തേക്കു വരുമ്പോള്‍ വാഹനം വളഞ്ഞ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രിയും ഇന്നു വെളുപ്പിനെയുമായി 2 തവണ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയിരുന്നു.