കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികഅധിക്ഷേപ കേസിൽ ജയിലിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 6 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചത്. രാവിലെ ഹർജി പരിഗണിച്ച കോടതി, ജാമ്യം നല്‍കാമെന്ന് കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ബോബിക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. നാലു മണിയോടെ കോടതി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. വ്യവസ്ഥകൾ നിർബന്ധമായി പാലിച്ചില്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും കോടതി. 50,000 രൂപയുടെ ബോണ്ടും രണ്ടുപേരുടെ ജാമ്യവുമാണ് വ്യവസ്ഥ.
ബോഡി ഷെയ്‌മിങ് സമൂഹത്തിന് സ്വീകാര്യമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കറുത്തത്, തടിച്ചത് മെലിഞ്ഞത്, തുടങ്ങിയ പരാമർശങ്ങൾ ഒഴിവാക്കണം. കറുത്തിട്ടാണ്, തടിച്ചിട്ടാണ്,കുള്ളനാണ് തുടങ്ങിയ പരാമർശങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ഒരു സ്ത്രീയെ അവരുടെ രൂപം നോക്കി വിലയിരുത്തിയാൽ അത് നിർവചിക്കുന്നത് അവരെയാണ് നിങ്ങളെയാണെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ഹണി റോസിനെതിരെ നടത്തിയത് ദ്വയാര്‍ഥം അല്ലാതെ എന്താണെന്ന് വീഡിയോ പരിശോധനക്ക് ശേഷം കോടതി ചോദിച്ചിരുന്നു. എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്? ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ വീണ്ടും പരാതിക്കാരിയെ അധിക്ഷേപിക്കുന്നതാണല്ലോ എന്നും കോടതി ചോദിച്ചു. നടിയുടെ ഡീസന്‍സി ദൃശ്യത്തില്‍ പ്രകടമാണെന്നും അവര്‍ അപ്പോള്‍ പ്രതികരിക്കാത്തത് അതുകൊണ്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതി സ്ഥിരമായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നയാളെന്നും ബോബി ചെമ്മണ്ണൂരിനെതിരായ പൊലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് കോടതിയും പറഞ്ഞു.
ഈ മാസം എട്ടാം തിയതിയാണ് ഹണി റോസിന്റെ പരാതിയിൽ ബോബി അറസ്റ്റിൽ ആയത്. അന്ന് ലോക്കപ്പിൽ കഴിഞ്ഞ ബോബിയെ പിറ്റേന്ന് കോടതി റിമാൻഡ് ചെയ്തതോടെ കാക്കനാട് ജയിലിലടക്കുകയായിരുന്നു.