
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ – പാകിസ്ഥാൻ അതിർത്തിയിലെ ബന്ധം കൂടുതൽ വഷളാകുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്ന വാർത്ത് ഒരു ബിഎസ്എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തു എന്നതാണ്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി കടന്നതിനാണ് ഇന്ത്യൻ ജവാനെ കസ്റ്റഡിയിലെടുത്തതെന്നാണ് പാകിസ്ഥാൻ പറയുന്നത്. അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്ന ബി എസ് എഫ് ജവാനാണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായതെന്നാണ് വ്യക്തമാകുന്നത്. പാക് റേഞ്ചേഴ്സാണ് ബിഎ സ് എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്. ബി എസ് എഫ് കോൺസ്റ്റബിൾ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വെച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. കസ്റ്റഡിയിലുള്ള ഇന്ത്യൻ ജവാന്റെ ഫോട്ടോ പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ പിരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കൈകൊണ്ട ശക്തമായ നടപടകൾക്ക് അതേനാണയത്തിൽ പാകിസ്ഥാന്‍റെ തിരിച്ചടി. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമമേഖല അടയ്ക്കാനും ഷിംല അടക്കമുള്ള കരാറുകൾ മരവിപ്പിക്കാനും തീരുമാനിച്ചതായി പാക്കിസ്ഥാൻ അറിയിച്ചു. വാഗ അതിർത്തി അടയ്ക്കും, ഇന്ത്യൻ പൗരന്മാർക്കുള്ള വിസ മരവിപ്പിച്ചു, ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിർത്തലാക്കിയെന്നും പാക്കിസ്ഥാൻ അറിയിച്ചു. സിന്ധുനദീജല കരാർ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്നും പാക്കിസ്ഥാൻ പ്രഖ്യാപിച്ചു. പാക് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സുരക്ഷാ കൗൺസിൽ യോഗത്തിന് ശേഷമാണ് ഇന്ത്യയ്ക്കെതിരായ നീക്കം പ്രഖ്യാപിച്ചത്. ഇന്നലെ ഇന്ത്യ, സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് പാകിസ്ഥാനും നടപടികൾ പ്രഖ്യാപിച്ചത്.