വരുതിയിലാകാതെ ലോസ് ഏഞ്ചൽസിലെ കാട്ടുതീ. വിനാശകരമായ കാട്ടുതീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങൾ അടിയന്തിരമായി പ്രവർത്തിക്കുകയാണ്. മഞ്ർുകാലത്തുണ്ടാകുന്ന സാൻ്റാ അന്ന കാറ്റ് ഇനിയും വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നിറിയിപ്പ് നൽകി. കാറ്റ് ശക്തമാകും മുമ്പ് കാട്ടു തീ നിയന്ത്രണ വിധേയമായില്ലെങ്കിൽ സ്ഥിതിഗതികൾ ഇനിയും വഷളായേക്കും. ഇതുവരെ 16 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം തീപിടുത്തത്തിൽ ഇതിനകം 35,000 ഏക്കറിലധികം കത്തിനശിച്ചു, ലക്ഷക്കണക്കിന് ആളുകൾ വീടുകൾ വിട്ടുപോയി. കലബാസാസ്, മാലിബു തുടങ്ങിയ സമ്പന്ന പ്രദേശങ്ങളിലുള്ളവ ഉൾപ്പെടെ നിരവധി സെലിബ്രിറ്റി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കാലിഫോർണിയയിലെ ഇൻഷുറൻസ് വ്യവസായം ഈ തുടർച്ചയായ കാട്ടുതീ കാരണം കടുത്ത വെല്ലുവിളികൾ നേരിുകയാണ്. സാമ്പത്തിക നഷ്ടം 50 ബില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നു.
കാട്ടുതീ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ തടയുന്നതിനായി കാലിഫോർണിയ ഗവർണർ ന്യൂസോം വെബ്‌സൈറ്റ് ആരംഭിച്ചു. യുഎസിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മെക്സിക്കോയിൽ നിന്ന് നിരവധി അഗ്നിശമന സേനാംഗങ്ങളും അടിയന്തര ജീവനക്കാരും പ്രദേശത്ത് എത്തിയിട്ടുണ്ട്. കാലിഫോർണിയ 14,000 ഉദ്യോഗസ്ഥരെയും 1,668 അഗ്നിശമന ഉപകരണങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഗവർണർ അറിയിച്ചു.
പാലിസേഡ്സ് ഭാഗത്തെ കാട്ടുതീ സാൻ ഫെർണാണ്ടോ താഴ്‌വരയിലേക്ക് വ്യാപിച്ചതോടെ, എൻസിനോയിലെയും ബ്രെന്റ്‌വുഡിലെയും സമീപപ്രദേശങ്ങൾക്ക് പുതിയ ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സിഎൻഎൻ ന്യൂസ് പ്രകാരം കാട്ടു തീ അണയ്ക്കാൻ ഇനിയും ഏറെ ദിവസങ്ങൾ വേണ്ടി വന്നേക്കും. ഇപ്പോളും തീ പടരുന്ന സാഹചര്യത്തിൽ ജെ. പോൾ ഗെറ്റി മ്യൂസിയം, കാലിഫോർണിയ സർവകലാശാല, ലോസ് ഏഞ്ചൽസ്, മാൻഡെവിൽ മലയോരത്തെ സെലിബ്രിറ്റി വീടുകൾ എന്നിവ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടുന്നു.
California Los Angeles Wildfires updates