വാഷിംഗ്ടൺ: കാലിഫോർണിയയിലെ ലോസാഞ്ചലോസിനെ നടക്കി കാട്ടുതീ പടർന്നുപിടിച്ചു. പത്ത് ഏക്കറിൽ തുടങ്ങിയ കാട്ടുതീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കറിലേക്കാണ് വ്യാപിച്ചത്. വരണ്ട കാലാവസ്ഥയും കാറ്റും തീ കൂടുതൽ പടരാൻ ഇടയാക്കിയെന്നാണ് വ്യക്തമാകുന്നത്. കാട്ടുതീ നിയന്ത്രണാതീതമായതോടെ ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഏറക്കുറെ മുപ്പതിനായിരത്തിലധികം ആളുകളെ ഇവിടെ നിന്നും ഒഴിപ്പിച്ചതായാണ് അധികൃതർ പറയുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അടുത്ത മണിക്കൂറുകൾ ഏറെ നിർണായകമെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കാലിഫോർണിയയിലെ ലോസ്ഞ്ചലസിൽ കാട്ടുതീ പടർന്ന് പിടിച്ചത്. പസഫിക് പാലിസേഡ്സിൽ പടർന്ന് പിടിച്ച തീ മണിക്കൂറുകൾക്കുള്ളിൽ 3000 ഏക്കർ ഭൂമിയിലേക്ക് വ്യാപിച്ചു. ഇതോടെ എങ്ങോട്ട് പോകണമെന്നറിയാതെ അമ്പരപ്പിലായി ജനങ്ങളുടെ അവസ്ഥ. കാറും വീടും ഉപേക്ഷിച്ച് ജീവൻ രക്ഷിക്കാനായി അവർ പരക്കം പാഞ്ഞു. കെട്ടിടങ്ങളും വീടുകളും അഗ്നിക്കിരയായെന്നാണ് റിപ്പോർട്ടുകൾ.
കാട്ടുതീ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. കാട്ടുതീ നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിലാണ് ഗവർണർ ഗാവിൻ ന്യൂസോം കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭയപ്പെടേണ്ടെന്നും കാട്ടുതീ വൈകാതെ നിയന്ത്രണ വിധേയമാകുമെന്നുമാണ് അധികൃതർ പറയുന്നത്.