
ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം അമേരിക്കയിലെ പല ഇന്ത്യക്കാരെയും വേട്ടയാടുന്ന ഒരു ചോദ്യമുണ്ട്. തങ്ങൾക്ക് ലഭിച്ച ഗ്രീൻ കാർഡ് പിൻവലിക്കുമോ? പ്രസിഡൻ്റിന് അതിനുള്ള അധികാരമുണ്ടോ? നാട്ടിലേക്ക് തിരികെ പോരേണ്ടി വരുമോ?
ഒരു പ്രസിഡന്റിന് നേരിട്ട് ഒരു വ്യക്തിയുടെ ഗ്രീൻ കാർഡ് പിൻവലിക്കാൻ കഴിയില്ല. എന്നിരുന്നാലും, ഭരണകൂടത്തിന്റെ നയങ്ങളും നിർവ്വഹണ മുൻഗണനകളും ചിലപ്പോൾ പ്രശ്നം സൃഷ്ടിച്ചേക്കാം. സങ്കീർണ്ണമായ കുടിയേറ്റ ചരിത്രമുള്ള ചില ഗ്രീൻകാർഡ് ഉടമകൾ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്.
യുഎസ് കുടിയേറ്റ നിയമത്തിലെ “പബ്ലിക് ചാർജ്” ചട്ടത്തിന്റെ വിപുലീകരണം ട്രംപിന്റെ ഏറ്റവും വിവാദപരമായ നീക്കങ്ങളിലൊന്നാണ്. കുടിയേറ്റക്കാർ സർക്കാർ സഹായത്തെ ആശ്രയിക്കാൻ സാധ്യതയുണ്ടോ എന്ന് ഇത് വിലയിരുത്തുന്നു. അതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷകരെ പരിമിതപ്പെടുത്താനും സ്റ്റാറ്റസുകൾ ക്രമീകരിക്കാനും ഇത് ഉപയോഗിക്കുന്നു. നിരവധി ഗ്രീൻ കാർഡ് ഉടമകൾ ഇത് തങ്ങൾക്കെതിരെ ഉപയോഗിക്കുമെന്ന് ഭയപ്പെടുന്നു. നിലവിലെ ഗ്രീൻ കാർഡ് ഉടമകൾക്ക് സാങ്കേതികമായി ഇത് ബാധകമല്ലെങ്കിലും, ഈ നിയമം ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും കാരണമായിട്ടുണ്ട്.
ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്, ഗ്രീൻ കാർഡ് ഉടമകളുടെ മുൻകാല രേഖകൾ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. പഴയ നിയമ പ്രശ്നങ്ങളുള്ള സ്ഥിര താമസക്കാരും ചെറുതാണെങ്കിൽ പോലും കുടിയേറ്റ നിയമ ലംഘനം നടത്തിയ വ്യക്തികളും ഭീഷണി നേരിടുന്നുണ്ട്.
എക്സിക്യൂട്ടീവ് ഉത്തരവുകളും യാത്രാ വിലക്കുകളും അനിശ്ചിതത്വം വർദ്ധിപ്പിക്കുന്നു. ഇവ പ്രധാനമായും വീസ ഉടമകളെയും പുതിയതായി പ്രവേശിക്കുന്നവരെയും ലക്ഷ്യം വച്ചുള്ളതാണെങ്കിലും, ചില രാജ്യങ്ങളിൽ നിന്നുള്ള ഗ്രീൻ കാർഡ് ഉടമകൾ വിദേശയാത്ര നടത്തിയാൽ യുഎസിലേക്ക് മടങ്ങാൻ അനുവദിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. കാരണം കഴിഞ്ഞ ദിവസം ഒരു എക്സിക്യൂട്ടിവ് ഉത്തരവ് വഴി 43 രാജ്യങ്ങൾക്ക് പൂർണമായോ ഭാഗികമായോ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് ട്രംപ്.
ക്രിമിനൽ കുറ്റങ്ങൾ ചാർത്തിയിട്ടുള്ളവർ, ഗ്രീൻകാർഡ് കിട്ടാനായി തട്ടിപ്പ് നടത്തിയവർ, ദീർഘകാലമായി ഹാജരാകാതെ യുഎസ് റെസിഡൻസി ഉപേക്ഷിച്ചവർ തുടങ്ങിയവരുടെ ഗ്രീൻ കാർഡ് റദ്ദാക്കാം. എന്നിരുന്നാലും, അത്തരം കേസുകളിൽ ഉചിതമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി.
നിയമപരമായ നടപടികളില്ലാതെ ഒരു പ്രസിഡന്റിന് ഒരാളുടെ ഗ്രീൻ കാർഡ് പിൻവലിക്കാൻ കഴിയില്ല. ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ആഭ്യന്തര സുരക്ഷാ വകുപ്പും ഇമിഗ്രേഷൻ കോടതികളുമാണ്. അത്തരമൊരു ആവശ്യം വന്നാൽ ഗ്രീൻ കാർഡ് ഉടമകൾക്ക് എപ്പോഴും ഒരു ഇമിഗ്രേഷൻ ജഡ്ജിയുടെ മുമ്പാകെ സ്വയം പ്രതിരോധിക്കാൻ കഴിയും.
മുൻകാല പ്രശ്‌നങ്ങളെക്കുറിച്ചോ യാത്രാ ചരിത്രത്തെക്കുറിച്ചോ സംശയമുള്ള ആർക്കും അവരുടെ അവകാശങ്ങളും അപകടസാധ്യതകളും ശരിയായി മനസ്സിലാക്കാൻ ഒരു ഇമിഗ്രേഷൻ അഭിഭാഷകനെ സമീപിക്കാം.
can Trump strip the Green Cards overnight Indians in trouble