
ഒട്ടാവ: ഡോണൾഡ് ട്രംപ് പ്രസിഡന്‍റായ ശേഷം വ്യാപകമായ തീരുവകൾ ചുമത്തിയതിനാൽ യുഎസുമായുള്ള കാനഡയുടെ ബന്ധം ഇനി ഒരിക്കലും പഴയതുപോലെയാകില്ലെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി. “അവർക്ക് (യുഎസ്) കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യാനാണ് താൽപ്പര്യം, അത് ഞങ്ങൾ മനസ്സിലാക്കുന്നു, അതുകൊണ്ടാണ് വ്യാപാരത്തിലും സുരക്ഷയിലും ഒരു കരാറിലെത്താൻ ഞങ്ങൾ ശ്രമിക്കുന്നത്, കാരണം രണ്ടും വേർതിരിക്കാനാവില്ല,” ജോളി പറഞ്ഞു.
അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ ഈ ആഴ്ച കൂടുതൽ തീരുവകൾ ചുമത്തിയില്ലെങ്കിലും, കുടിയേറ്റവും ഫെന്റനൈൽ കടത്തും തടയുന്നതിനുള്ള മതിയായ ശ്രമങ്ങൾ നടത്താത്തതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കും 25 ശതമാനം തീരുവകൾ ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ് – മെക്സിക്കോ – കാനഡ കരാർ (യുഎസ്‌എംസിഎ) സ്വതന്ത്ര വ്യാപാര ഉടമ്പടിയിൽ ഉൾപ്പെടുന്ന ഉൽപ്പന്നങ്ങൾക്ക് തീരുവകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ട്രംപ് പിന്നീട് സമ്മതിച്ചു.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാര തീരുവക്ക് വമ്പൻ തിരിച്ചടിയാണ് കാനഡ നൽകിയിട്ടുള്ളത്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ‘പ്രതികാര’ തീരുവ പ്രഖ്യാപിച്ചിരിക്കുയാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം തീരുവയാണ് കാർണി പ്രഖ്യാപിച്ചിരിക്കുന്നത്.അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിലെ കനേഡിയൻ ഇതര പാർട്‌സുകൾക്കും പുതിയ തീരുവ നിരക്ക് ബാധകമാകുമെന്ന് കാർണി വ്യക്തമാക്കി. ‘അമേരിക്കയുമായുള്ള ആ ബന്ധം അവസാനിക്കുകയാണെന്നും കഴിഞ്ഞ 80 വർഷക്കാലം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്റെ നേതൃപദവിയും ഇതോടെ അവസാനിക്കുമെന്നും കാർണി വിവരിച്ചു. ട്രംപുമായി ചർച്ചകൾ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് നടത്തുമെന്നും കാർണി വ്യക്തമാക്കി.