
കുടിയേറ്റം നിയന്ത്രിക്കാനായി കാനഡ അടുത്തിടെ കൊണ്ടുവന്ന പുതിയ നിയമം പ്രാബല്യത്തിലായി. ഇത് ഇന്ത്യക്കാർ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കും. വിദേശ വിദ്യാർത്ഥികള്‍ക്കും തൊഴില്‍, താമസ വിസകള്‍ക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. ഫെബ്രുവരി ആദ്യം മുതല്‍ തന്നെ പുതിയ ചട്ടങ്ങള്‍ കാനഡയില്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
കാനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് കൂടുതല്‍ വിശാലമായ അധികാരമാണ് പുതിയ നിയമപ്രകാരം ലഭിച്ചിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ഉള്‍പ്പെടെ എല്ലാവരുടെയും വിസകളിന്മേല്‍ സ്വതന്ത്രമായ തീരുമാനമെടുക്കാനും രേഖകള്‍ റദ്ദാക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചു. ഉദ്യോഗസ്ഥർക്ക് ഉചിതമെന്ന ബോധ്യപ്പെടുന്ന തീരുമാനം സ്വതന്ത്രമായി എടുത്ത് നടപ്പാക്കാൻ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ നിയമത്തിന്റെ സവിശേഷത.