ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃ സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും രാജിവെച്ചു. അൽപം മുന്നെയാണ് ട്രൂഡോ രാജി പ്രഖ്യാപിച്ചത്. 2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോളാണ് ട്രൂഡോ ലിബറൽ പാർട്ടി നേതാവായി ചുമതലയേൽക്കുന്നത്. ഒമ്പത് വർഷം അധികാരത്തിലിരുന്നതിന് ശേഷമാണ് പടിയിറക്കം. ഇപ്പോൾ പാർട്ടി ഹൗസ് ഓഫ് കോമൺസിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നനിലയിലാണ്.
ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിൽ ലിബറലുകൾ തോൽക്കുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അടുത്ത നാല് വർഷത്തേക്ക് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തെ നേരിടാൻ കഴിയുന്ന ഒരു ഗവൺമെൻ്റിനെ സ്ഥാപിക്കുന്നതിന് പെട്ടെന്നുള്ള തെരഞ്ഞെടുപ്പിനുള്ള പുതിയ ആഹ്വാനത്തിനും സാധ്യതയില്ലാതില്ല.
ജനപ്രീതി കുത്തനെയിടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ രാജി. ജഗ്മീത് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) പിന്തുണയോടെയാണ് ലിബറൽ പാർട്ടി വിജയിച്ചത്. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിൽ ട്രൂഡോ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സെപ്തംബറിൽ എൻഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ലിബറലുകളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ അവിശ്വാസ വോട്ട് അവതരിപ്പിക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചിരുന്നു. ഒക്ടോബറിൽ ഏകദേശം 20ഓളം എംപിമാർ ട്രൂഡോയുടെ രാജി ആവശ്യപ്പെട്ട് കത്തിൽ ഒപ്പിട്ടിരുന്നു.
ട്രൂഡോയുടെയും സർക്കാറിന്റെ ജനപ്രീതി കുത്തനെയിടിഞ്ഞിരുന്നു. പണപ്പെരുപ്പം, ഭവന പ്രതിസന്ധി, കുടിയേറ്റം തുടങ്ങി നിരവധി പ്രതിസന്ധികളാണ് സർക്കാർ നേരിടുന്നത്. ഡിസംബർ 16-ന്, ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവെച്ചിരുന്നു. ട്രൂഡോയോട് വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു രാജി. ഈ മാസം അവിശ്വാസ വോട്ടെടുപ്പ് നടന്നാൽ എൻഡിപിയുടെ പിന്തുണയില്ലെങ്കിൽ സർക്കാർ പരാജയപ്പെടും. ലിബറൽ പാർട്ടിക്ക് നിലവിൽ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിക്കാൻ ഹൗസ് ഓഫ് കോമൺസിലെ 338 അംഗങ്ങളിൽ ഭൂരിപക്ഷത്തിൻ്റെ പിന്തുണ ആവശ്യമാണ്.
Canadian PM Justine Trudeau resigns