
ന്യൂഡല്‍ഹി : പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോകനേതാക്കള്‍ രംഗത്തെത്തുകയും ട്രംപ് അടക്കമുള്ളവര്‍ ഫോണില്‍ വിളിച്ച് പ്രധാനമന്ത്രിയെ നേരിട്ട് ദുഖവും അനുശോചനവും അറിയിച്ച് എത്തിയപ്പോഴും കാനഡ മൗനത്തിലായിരുന്നു. ഒടുവിലിതാ മുപ്പതു മണിക്കൂറിലേറെ നീണ്ട മൗനത്തിനു ശേഷം കാനഡ ഔദ്യോഗികമായി പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ പ്രതികരിച്ചു. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി പറഞ്ഞു.
‘ജമ്മു കശ്മീരിലെ ഭീകരാക്രമണം എന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത് അര്‍ത്ഥശൂന്യവും ഞെട്ടലുളവാക്കുന്ന ഹിംസാത്മക പ്രവൃത്തിയുമാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നു’ മാര്‍ക്ക് കാര്‍നി സമൂഹമാധ്യമത്തില്‍ കുറിച്ചു.