
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തോടെ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള ഒരുക്കങ്ങളും ഏതാണ്ട് തുടങ്ങിക്കഴിഞ്ഞു. മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിന് തുടക്കം കുറിക്കുന്ന നടപടിക്രമങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിന് വഹിക്കാനുള്ള പ്രധാന ചുമതലകള്‍. കര്‍ദിനാള്‍ സംഘത്തിലെ 9 ഇലക്ടറല്‍മാര്‍ക്കു ചുമതലകള്‍ നല്‍കുന്നതിനായുള്ള നറുക്കെടുപ്പ് നടത്തുക അദ്ദേഹമായിരിക്കും. വോട്ട് എണ്ണേണ്ട 3 കര്‍ദിനാള്‍മാര്‍, രോഗം കാരണം സന്നിഹിതരാകാന്‍ കഴിയാത്ത ഇലക്ടറല്‍മാരില്‍നിന്നു ബാലറ്റ് ശേഖരിക്കുന്ന 3 കര്‍ദിനാള്‍മാര്‍, വോട്ടെണ്ണലിന്റെ കൃത്യത പരിശോധിക്കുന്ന 3 കര്‍ദിനാള്‍മാര്‍ എന്നിങ്ങനെയുള്ള 9 പേരെയാണ് മാര്‍ ജോര്‍ജ് കൂവക്കാട് നറുക്കെടുത്ത് തിരഞ്ഞെടുക്കുക. വോട്ട് പരിശോധനയ്ക്കു ശേഷം ബാലറ്റുകള്‍ കത്തിക്കാനുള്ള മേല്‍നോട്ടവും അദ്ദേഹത്തിനാണെന്നാണും ചില സൂചനകളുണ്ട്.
അതീവരഹസ്യമായി കോണ്‍ക്ലേവ് നടക്കുന്ന വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലിന്റെ വാതിലുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും. മാത്രമല്ല, പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന് കര്‍ദിനാള്‍ കോളജിന്റെ സെക്രട്ടറിയെയും പേപ്പല്‍ ലിറ്റര്‍ജിക്കല്‍ സെലിബ്രേഷന്‍സിന്റെ മാസ്റ്ററെയും തിരഞ്ഞെടുത്ത് ഹാളിലേക്കു വിളിപ്പിക്കുന്നതും മാര്‍ കൂവക്കാടിന്റെ മേല്‍നോട്ടത്തിലാകും.
2024 ഡിസംബര്‍ 7ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണം നടത്തിയത്. അതേ മാര്‍പാപ്പയുടെ മരണശേഷം പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിലാണ് ചില നിയോഗങ്ങള്‍ അദ്ദേഹത്തെ തേടി എത്തുന്നത്.