രാജ്യസഭയിലെ ‘എമ്പുരാനിലെ മുന്ന’ പ്രസംഗത്തിന് പിന്നാലെ ജോൺ ബ്രിട്ടാസിന് വധഭീഷണി, ബിജെപി നേതാവിനെതിരെ കേസ്

കോഴിക്കോട്: വഖഫ് ഭേദഗതിക്കെതിരായ പ്രസംഗത്തിന് പിന്നാലെ ജോൺ ബ്രിട്ടാസ് എംപിക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ ബിജെപി നേതാവിനെതിരെ കേസെടുത്തു. എമ്പുരാനിലെ മുന്നയെ ബി ജെ പി ബഞ്ചിലടക്കം കാണാമെന്ന പ്രസ്താവനയടക്കമാണ് ബ്രിട്ടാസ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടത്തിയത്. ഇതിന് പിന്നാലെ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയ കോഴിക്കോട് അഴിയൂർ സ്വദേശി സജിത്തിനെതിരെയാണ് ചോമ്പാല പൊലീസ് കേസെടുത്തത്.

നിലവിൽ ബഹ്റിനിലുള്ള ഇയാൾ ഫേസ്ബുക്കിലൂടെയാണ് ജോൺ ബ്രിട്ടാസിനെതിരെ വധഭീഷണി മുഴക്കിയത്. ജിനോസ് ബഷീർ എന്നയാൾ ജോൺ ബ്രിട്ടാസ് എം പിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന് താഴെയാണ് സജിത്ത് ചരൺകയ്യിൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് തെറിയഭിഷേകവും വധഭീഷണിയും വന്നത്. “ഇവനെ വെടിവെച്ചു കൊല്ലണം, കേസെടുത്താലും ഞാൻ പറയും ഇവൻ്റെ ചരിത്രം. ബി ജെ പി വിട്ടാലും ഇവനെ വിടില്ല” എന്നിങ്ങനെയാണ് അധിക്ഷേപ കമൻ്റുകൾ. ബിഎൻഎസ് നിയമാവലിയിലെ 192ാം വകുപ്പ് പ്രകാരവും, 2011ലെ കേരള പൊലീസ് ആക്റ്റിലെ 120 (0) വകുപ്പ് പ്രകാരവുമാണ് ചോമ്പാല പൊലീസ് കേസെടുത്തിരിക്കുന്നത്.

More Stories from this section

family-dental
witywide