
ജറുസലേം: 2023 ഒക്ടോബര്‍ 7 ന് ഗാസ അതിര്‍ത്തിക്ക് സമീപം ജോലിചെയ്യുന്നതിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ നാല് യുവ വനിതാ സൈനികരെ ശനിയാഴ്ച മോചിപ്പിക്കും. ഹമാസ് ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നല്‍കിയ പട്ടികയിലാണ് ഇവരുടെ പേരുള്ളത്.
ഗാസ അതിര്‍ത്തിക്കടുത്തുള്ള നഹല്‍ ഓസ് സൈനിക താവളത്തിലെ ഒരു നിരീക്ഷണ യൂണിറ്റിലായിരിക്കെയാണ് ലിരി ആല്‍ബഗ് (19), കരീന അരിയേവ് (20), ഡാനിയേല ഗില്‍ബോവ (20), നാമ ലെവി (20) എന്നിവരെ പിടികൂടി ബന്ദികളാക്കിയത്.
ഇവരോടൊപ്പം മറ്റ് മൂന്ന് വനിതാ സൈനികരെയും ബന്ദികളാക്കിയിരുന്നു. അവരില്‍ ഒരാളുടെ മൃതദേഹം ഇസ്രായേലിലേക്ക് തിരിച്ചയച്ചു. മറ്റൊരാളെ 2023 ഒക്ടോബര്‍ അവസാനം ഇസ്രായേല്‍ സൈന്യം ജീവനോടെ മോചിപ്പിച്ചു. ശേഷിക്കുന്ന ഒരാള്‍ ഇപ്പോഴും ഗാസയില്‍ തടവിലാക്കപ്പെട്ട് ജീവിച്ചിരിക്കുന്നതായി കരുതപ്പെടുന്നു.