” പൊട്ടിക്കരഞ്ഞു, എല്ലാം ഉള്ളിലൊതുക്കി ചിരിച്ചു, ചിലര്‍ തെരുവിലേക്കിറങ്ങി, മറ്റുചിലര്‍ പ്രിയപ്പെട്ടവരുടെ ശവ കുടീരത്തിലേക്കും…”

കെയ്റോ: ’15 മാസമായി മരുഭൂമിയില്‍ വഴിതെറ്റിപ്പോയതിന് ശേഷം കുടിക്കാന്‍ കുറച്ച് വെള്ളം കണ്ടെത്തിയതായി എനിക്ക് തോന്നുന്നു. എനിക്ക് വീണ്ടും ജീവനുള്ളതു തോന്നുന്നു…’ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നപ്പോള്‍ സന്തോഷവും ആശ്വാസവും തോന്നിയ മധ്യ ഗാസ മുനമ്പിലെ ഒരു സ്ത്രീ റോയ്‌റ്റേഴ്‌സിനോട് പറഞ്ഞതിങ്ങനെ. ഒന്നും പഴയപോലെയാകില്ലെന്ന് തിരിച്ചറിഞ്ഞ മനുഷ്യന്റെ, ഉള്ളുപൊള്ളിക്കുന്ന വാക്കുകള്‍…

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഞായറാഴ്ച പ്രാബല്യത്തില്‍ വന്നതോടെ ഗാസയിലുടനീളം ആയിരക്കണക്കിന് പലസ്തീനികള്‍ തെരുവിലിറങ്ങി ഏതുനിമിഷവും ജീവനെടുക്കുന്ന ബോംബിന്റെ ഭീതിയില്ലാതെ… ചിലര്‍ ആഘോഷത്തിലായിരുന്നു. മറ്റുള്ളവര്‍ ബന്ധുക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കില്‍. ഇതിനിടയില്‍ പലരും വീടുകളിലേക്ക് മടങ്ങി. അവിടെ പേരിനെങ്കിലും എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ എന്നുപോലും അറിയാതെ.

ജനക്കൂട്ടം ആര്‍പ്പുവിളിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്താണ് ‘സമാധാനത്തെ’ സ്വാഗതം ചെയ്തത്. ഇസ്രായേലി സൈനികരുടെ കണ്ണില്‍പ്പെടാതിരിക്കാനും വ്യോമാക്രമണങ്ങള്‍ ഒഴിവാക്കാനും മാസങ്ങളോളം അണിയാതിരുന്ന നീല പൊലീസ് യൂണിഫോം ധരിച്ച ഹമാസ് പൊലീസുകാര്‍ ചില പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ടു. പോരാളികളെ ആശ്വസിപ്പിക്കാന്‍ ഒത്തുകൂടിയ ആളുകള്‍ ‘അല്‍-ഖസ്സാം ബ്രിഗേഡുകള്‍ക്ക് അഭിവാദ്യങ്ങള്‍’ എന്ന് ആക്രോശിച്ചുകൊണ്ടേയിരുന്നു.

രാവിലെ 11.15 ന് (പ്രാദേശിക സമയം) പ്രാബല്യത്തില്‍ വന്ന കരാറിനുശേഷം കൂടുതല്‍ ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

‘ഗാസ സിറ്റിയിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങുന്ന ദിവസത്തിനായി ഞങ്ങള്‍ ഇപ്പോള്‍ കാത്തിരിക്കുകയാണെന്നും ‘കേടുവന്നാലും ഇല്ലെങ്കിലും, അത് പ്രശ്‌നമല്ല, മരണത്തിന്റെയും പട്ടിണിയുടെയും പേടിസ്വപ്‌നം അവസാനിച്ചു’ എന്നും ചിലര്‍ ആശ്വാസം പങ്കുവെച്ചു.

ഞാന്‍ ജനിച്ച നഗരത്തിലെ നാശനഷ്ടങ്ങളുടെ രംഗം ‘ഭയാനകമായിരുന്നു’, വെടിനിര്‍ത്തല്‍ നിരവധി ജീവന്‍ രക്ഷിച്ചിട്ടുണ്ടാകാം, പക്ഷേ, ആഘോഷിക്കാനുള്ള സമയമല്ല, ഞങ്ങള്‍ വേദനയിലാണ്, വലിയ വേദനയിലാണ്, പരസ്പരം കെട്ടിപ്പിടിച്ച് കരയേണ്ട സമയമാണിത്,’ ഗാസ സിറ്റിയില്‍ നിന്ന് കുടുംബത്തോടൊപ്പം പലായനം ചെയ്ത് ഖാന്‍ യൂനിസില്‍ അഭയം പ്രാപിച്ച അഹമ്മദ് അബു അയ്ഹാം പറഞ്ഞു,

2023 ഒക്ടോബര്‍ 7 നാണ് അപ്രതീക്ഷിതമായി ഹമാസ് ഇസ്രായേലിനെ ആക്രമിക്കുന്നത്. 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദിയാക്കി ഗാസയിലേക്ക് കടത്തുകയും ചെയ്തു. അതിന് തിരിച്ചടിയായാണ് ഹമാസിനെ ഇസ്രയേല്‍ ആക്രമിച്ചത്. ഗാസയിലെ ആക്രമണത്തില്‍ ഏകദേശം 47,000 പലസ്തീനികളെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

More Stories from this section

family-dental
witywide