
ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടിയുടെ ഭാഗമായി യുഎസില്‍നിന്നു മടക്കി അയയ്ക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ യാത്രാവിമാനങ്ങള്‍ അയയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.
എയര്‍ ഇന്ത്യയെക്കൂടാതെ യുഎസ് വിമാനക്കമ്പനികളായ യുണൈറ്റഡ് എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ് എന്നിവയുമായി വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്.
ഈ മാസം 5നാണു ഇന്ത്യക്കാരുമായി യുഎസില്‍ നിന്നുള്ള ആദ്യ വിമാനം അമൃത്സറിലെത്തിയത്. 15 നും 16 നും ഓരോ വിമാനം കൂടിയെത്തി. യുഎസ് സേനാവിമാനത്തില്‍ വിലങ്ങുവച്ചാണ് കൊണ്ടുവന്നത്. ഇത് രാജ്യത്ത് കനത്ത പ്രതിഷേധത്തിനും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനും ഇടയാക്കിയിരുന്നു. 332 ഇന്ത്യക്കാര്‍ ഇതിനകം നാട്ടിലെത്തി. അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കൂടുതല്‍ ഇന്ത്യക്കാരെ ഇനിയും നാടുകടത്തും. അതിനാലാണു വരുന്ന 3 മാസം വിമാനങ്ങള്‍ അയയ്ക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നത്.