പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയെ പൊലീസ് പിടികൂടി പോത്തുണ്ടി മട്ടായി മേഖലയിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. വിശപ്പ് സഹിക്കാനാകാതെ മലയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിൽ ആണ് ചെന്താമര പിടിയിലായതെന്നാണ് സൂചന.
അതേസമയം ചെന്താമര പിടിയിലായതറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് നാട്ടുകാർ ഇരച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. പൊലീസ് സ്റ്റേഷനിൽ കയറി ചെന്താമരയെ ആക്രമിക്കാൻ നാട്ടുകാർ ശ്രമിച്ചതോടെ ഇവരെ തുരത്താനായി പൊലീസ് ലാത്തിവീശി. എന്നാലും സ്റ്റേഷന് പുറത്ത് അക്രമാസക്തരായി നാട്ടുകാർ നിലയുറപ്പിച്ചിരിക്കുകയാണ്.
അതിനിടെ നെന്മാറ ഇരട്ട കൊലപാതക കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹനെ സസ്പെൻഡ് ചെയ്തു. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നെന്മാറ പൊലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പി സമർപ്പിച്ചതെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.