പാലക്കാട് : നെന്മാറ ഇരട്ട കൊലപാതകത്തില്‍ കൊടുംകുറ്റവാളിയായ ചെന്താമര ജയിലില്‍ നിന്നിറങ്ങിയ ശേഷം ആദ്യം ലക്ഷ്യമിട്ടത് സ്വന്തം ഭാര്യയെത്തന്നെയായിരുന്നുവെന്ന് മൊഴി. നേരത്തെ തന്നെ പിരിഞ്ഞു പോയ ഭാര്യയെ പോത്തുണ്ടിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
എന്നാല്‍ ആദ്യം കൊലപ്പെടുത്തിയ സുധാകരനിലേക്ക് എത്താന്‍ കാരണം ഭയമാണെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന്‍ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും പൊലിസ് ചോദ്യം ചെയ്യലില്‍ ചെന്താമര വെളിപ്പെടുത്തി.
അതേസമയം, നെന്മാറ ഇരട്ട കൊലപാതകം സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിന്റെ തകര്‍ച്ച വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് നാട്ടിലെത്തിയ പ്രതി ഭീഷണിപ്പെടുത്തിയെന്ന പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത പൊലീസ് ഈ കൊലപാതകങ്ങള്‍ക്ക് ഉത്തരം പറഞ്ഞേ മതിയാകൂവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.