തിരുവനന്തപുരം: തദ്ദേശ ജനപ്രതിനിധികള്‍ പാര്‍ട്ടി മാറുമ്പോള്‍ അപ്പോഴുള്ള സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
കൂത്താട്ടുകുളം നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനെത്തിയ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ വസ്ത്രാക്ഷേപം ചെയ്യുകയും തട്ടിക്കൊണ്ടു പോകുകയും ചെയ്‌തെന്നാരോപിച്ചുള്ള അനൂപ് ജേക്കബിന്റെ അടിയന്തര പ്രമേയ നോട്ടിസിനുള്ള മറുപടിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ വിചിത്രവാദം.
അതേസമയം കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ എത്രയോ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിട്ടുണ്ടെന്നും അവരെയൊക്കെ തട്ടിക്കൊണ്ടു പോകുകയാണോ വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ചോദിച്ചു.
കഴിഞ്ഞ 5 വര്‍ഷമായി കൗണ്‍സിലറായ കലാ രാജുവിനെ പ്രലോഭിപ്പിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു. സ്വാധീനിക്കപ്പെട്ടെങ്കില്‍ ആ സ്ഥാനത്തിരുന്നു കൊണ്ടല്ല അപ്പുറത്ത് ചെല്ലേണ്ടത്. രാജിവയ്ക്കണമെന്നും മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.