
ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗ റെയില്‍പ്പാതയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തി. കെ-റെയില്‍ സമര്‍പ്പിച്ച പദ്ധതിരേഖയോട് സംസ്ഥാന ബിജെപി നേതൃത്വമുള്‍പ്പെടെ എതിര്‍പ്പറിയിച്ചതിനാല്‍ മെട്രോമാന്‍ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ബദല്‍പദ്ധതിയായാലും അംഗീകരിച്ചുകിട്ടണമെന്നാണ് ആവശ്യം.
ഇക്കാര്യം പരിശോധിച്ച് നടപടി വേഗത്തിലാക്കാമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. വന്ദേഭാരത് എക്‌സ്പ്രസിന് കേരളത്തില്‍ ലഭിച്ച സ്വീകാര്യത അതിവേഗ റെയില്‍പദ്ധതിയുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് സംസ്ഥാനസര്‍ക്കാര്‍ വൃത്തങ്ങള്‍ നിരന്തരം പറയുന്നത്.
കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച രാവിലെ കേരളഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. കാര്യമായ ഉറപ്പൊന്നും ധനമന്ത്രി നല്‍കിയില്ലെങ്കിലും കേന്ദ്ര-സംസ്ഥാന ബന്ധം മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്ച വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. കേരളം നേരിടുന്ന സാമ്പത്തികഞെരുക്കം കണക്കിലെടുത്ത് കടമെടുപ്പുപരിധി ഉയര്‍ത്തുന്നതടക്കമുള്ള വിഷയങ്ങള്‍ പരിശോധിച്ച് തീരുമാനമറിയിക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.
ക്ഷേമപെന്‍ഷന്‍ തുക തിരഞ്ഞെടുപ്പിനുമുന്‍പായി ഉയര്‍ത്തുന്നതും സംസ്ഥാനപരിഗണനയിലാണ്. ഇത്തരം കാര്യങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം തടസ്സമാകാതിരിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാരിനോട് അനുനയപാതയിലേക്ക് തിരിയാന്‍ സംസ്ഥാനത്തെ പ്രേരിപ്പിക്കുന്ന മുഖ്യഘടകം.
ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കറിന് പുറമേ സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ. എ. ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പങ്കജ് ശര്‍മ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
കൂടിക്കാഴ്ചയില്‍ ഔപചാരികതകള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി ശ്രദ്ധിച്ചു. കെ.വി. തോമസ് നേരത്തേ ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ തുടര്‍ച്ചയായിട്ടായിരുന്നു ബുധനാഴ്ച രാവിലെ കേരളഹൗസില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള അനൗദ്യോഗിക കൂടിക്കാഴ്ച.
പരിശോധിച്ച് നടപടിയെടുക്കാമെന്ന് കേന്ദ്രം കേരളത്തിന്റെ സാമ്പത്തിക-വികസനാവശ്യങ്ങള്‍ വിശദമായി പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.
മുഖ്യമന്ത്രിയുടെ ക്ഷണമനുസരിച്ച് ഗവര്‍ണറുടെ സാന്നിധ്യത്തില്‍ ഏതെങ്കിലും കേന്ദ്ര കാബിനറ്റ് മന്ത്രി കേരളഹൗസിലെത്തുന്നത് ആദ്യമാണ്. ഇവിടെ ഗവര്‍ണര്‍ക്കും കേന്ദ്രധനമന്ത്രിക്കുമായി മുഖ്യമന്ത്രി പ്രാതല്‍സത്കാരവും ഒരുക്കിയിരുന്നു. അനൗദ്യോഗിക സന്ദര്‍ശനമാണെന്നാണ് കേരളഹൗസില്‍നിന്നുളള പ്രതികരണം. ഇതിനെതിരേ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്തെത്തി.
Chief Minister Pinarayi Vijayan met Finance Minister Nirmala Sitharaman at Kerala House