
തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനമുണ്ടായതിനെ തുടര്‍ന്ന് കേരളത്തിലും ജാഗ്രതാ നിര്‍ദേശം. കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്കി.
ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ ബാധ ഉണ്ടായത് 2006-2007 കാലഘട്ടത്തിലാണ് . അന്ന് റീയൂണിയന്‍ ദ്വീപുകളില്‍ തുടങ്ങി നമ്മുടെ നാട് ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചിരുന്നു. അത്രത്തോളം മാരകമല്ലെങ്കിലും റീയൂണിയന്‍ ദ്വീപുകളില്‍ ഇപ്പോള്‍ ചിക്കന്‍ഗുനിയ വ്യാപിക്കുകയാണ്. ലോകാരോഗ്യ സംഘടന വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
നവജാതശിശുക്കള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം ആളുകള്‍ക്ക് രോഗബാധയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് മന്ത്രി വീണ വ്യക്തമാക്കി.
പെട്ടെന്നുള്ള കഠിനമായ പനി, പേശിവേദന, തലവേദന, ക്ഷീണം, സന്ധികളില്‍ (പ്രത്യേകിച്ച് കൈകള്‍, കണങ്കാലുകള്‍, കാല്‍മുട്ടുകള്‍) അതികഠിനമായ വേദന, ചില ആളുകളില്‍ ചര്‍മ്മത്തില്‍ തടിപ്പുകള്‍ എന്നിവയാണ് ചിക്കന്‍ഗുനിയയുടെ രോഗലക്ഷണങ്ങള്‍.