ആലപ്പുഴയില്‍ വൈകല്യങ്ങളോടെ ജനിച്ച കുട്ടി വെന്റിലേറ്ററില്‍ ; പരിശോധിക്കാന്‍ വിദഗ്ധ സംഘം

ആലപ്പുഴ: ഗുരുതര വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്ക. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇന്നലെ രാവിലെ കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുഞ്ഞിന് ആന്തരിക അണുബാധയുണ്ടെന്നു പരിശോധനയില്‍ ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. അണുബാധ മൂലമുള്ള സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയാണ് കുട്ടിക്ക്.

കണ്ണ് തുറക്കാതെയും കൈകാലുകള്‍ തളര്‍ന്ന നിലയിലും കുട്ടിയെ ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ ഓക്‌സിജന്‍ ലവല്‍ കുറവാണെന്നു കണ്ടെത്തി. തുടര്‍ന്നു കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് കൂടി. 72 മണിക്കൂറിനു ശേഷമേ ആരോഗ്യ നിലയിലെ പുരോഗതിയെക്കുറിച്ചു പറയാന്‍ കഴിയൂ എന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.മിറിയം വര്‍ക്കി, സൂപ്രണ്ട് ഡോ.അബ്ദുല്‍ സലാം, ശിശുരോഗ വിഭാഗം അസിസ്റ്റന്റ് ഡോ.ജോസ് ജേക്കബ് എന്നിവര്‍ പറഞ്ഞു.

നവംബര്‍ എട്ടിനാണ് ആലപ്പുഴ ലജ്‌നത്ത് വാര്‍ഡ് നവറോജി പുരയിടത്തില്‍ അനീഷ് മുഹമ്മദിനും സുറുമിക്കും കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിന്റെ പിറവി. കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആരോഗ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു വിദഗ്ധ സമിതി നടത്തിയ അന്വേഷണത്തില്‍ തുടര്‍ നടപടികളുണ്ടായില്ലെന്നു കുട്ടിയുടെ പിതാവ് അനീഷ് മുഹമ്മദ് ആരോപിക്കുന്നു.

More Stories from this section

family-dental
witywide