ബെയ്ജിംഗ്: അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ തീരുമാനത്തിൽ പ്രതികരണവുമായി ചൈന. യുഎസ് ഏര്‍പ്പെടുത്തിയ തീരുവക്കെതിരെ ചൈനീസ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവുമെന്ന് ചൈന വ്യക്തമാക്കി. വ്യാപാര യുദ്ധത്തിൽ വിജയികളില്ലെന്നുള്ള കാര്യവും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു.
നേരത്തെ, ഡോണൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയുമായി കാനഡയും മെക്സികോയും രംഗത്ത് വന്നിരുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് മേൽ 25 ശതമാനം അധിക നികുതി ചുമത്തുമെന്നുള്ള പ്രഖ്യാപനമാണ് കാനഡ നടത്തിയത്. 155 ബില്യൺ കനേഡിയൻ ഡോളർ മൂല്യം വരുന്ന ഉൽപന്നങ്ങൾക്കാവും അധിക നികുതി ചുമത്തുക. ഇതിൽ 30 ബില്യൺ കനേഡിയൻ ഡോളറിന്‍റെ ഉൽപന്നങ്ങൾക്കുള്ള നികുതി നിർദേശം ചൊവ്വാഴ്ച നിലവിൽ വരും. 125 കനേഡിയൻ ഡോളറിന്‍റെ ഉൽപന്നങ്ങൾക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നാണ് കാനഡ അറിയിച്ചിട്ടുള്ളത്.
അതേസമയം, അധിക തീരുവ ചുമത്താനുള്ള ട്രംപിന്‍റെ തീരുമാനത്തിന് തിരിച്ചടി നൽകുമെന്നാണ് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെൻബാം വ്യക്തമാക്കിയത്. ബദലായി ഒരു പ്ലാൻ ബിയുണ്ടാക്കാൻ ഇക്കണോമിക് സെക്രട്ടറിക്ക് നിർദേശം നൽകി കഴിഞ്ഞുവെന്നും അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ക്ലൗഡിയ ഷെൻബാം പറഞ്ഞു.